ന്യൂഡൽഹി: കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് ഭക്ഷ്യ– പൊതുവിതരണ മന്ത്രാലയത്തിെൻറ അധികചുമതല. ഈ വകുപ്പുപ്പുകൾ കൈകാര്യം ചെയ്തിരുന്ന എൽ.ജെ.പി നേതാവ് റാം വിലാസ് പാസ്വാെൻറ നിര്യാണത്തെ തുടർന്നാണ് ഗോയലിന് അധിക ചുമതല നൽകിയത്.
നിലവില്‍ എൻ.ഡി.എ മന്ത്രിസഭയിൽ റെയില്‍വേ, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയാണ് പിയൂഷ് ഗോയല്‍. 74കാരനായിരുന്ന പാസ്വാൻ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ചയാണ് അന്തരിച്ചത്. കുറച്ച് നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന പാസ്വാനെ അടുത്തിടെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
പാസ്വാെൻറ പകരക്കാരനായി മകൻ ചിരാഗ് പാസ്വാൻ വൈകാതെ കേന്ദ്രമന്ത്രി സഭയിൽ എത്തുമെന്നാണ് റിപോർട്ടുകൾ. എന്തായാലും അടുത്ത് ബിഹാറിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് അതുണ്ടാകുമോ എന്ന് തീർച്ചയില്ല.
സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാൻ നിശ്ചയിച്ചുറപ്പിച്ചാണ് ചിരാഗ് പാസ്വാൻ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിട്ട് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ബി.ജെ.പിയുമായി വിയോജിപ്പൊന്നുമില്ലെങ്കിലും ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറും ചിരാഗും തമ്മിലുള്ള ഉടക്കാണ് പാർട്ടി മുന്നണി വിടാനുണ്ടായ സാഹചര്യം ഒരുക്കിയത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം മതിയെന്ന നിലപാടാണ് അനുരഞജനത്തിന് ശ്രമിച്ച ബി.ജെ.പി നേതാക്കളോട് ചിരാഗ് വ്യക്തമാക്കിയത്.