പൗരത്വ പ്രക്ഷോഭം: നടാഷക്കെതിരെ യു.എ.പി.എ
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ കരിനിയമം ഉപയോഗിച്ച് ഡൽഹി പൊലീസ് വേട്ടയാടുന്നത് തുടരുന്നു. ഏറ്റവുമൊടുവിൽ പിഞ്ച്റ തോഡ് സ്ത്രീപക്ഷ കൂട്ടായ്മ നേതാവ് നടാഷ നർവാളിനെതിരെ യു.എ.പി.എ ചുമത്തി.
ഡൽഹി കലാപത്തിൽ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ് ആക്ടിവിസ്റ്റും ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാർഥിനിയുമാണ് നടാഷ.
ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ ശനിയാഴ്ചയാണ് നടാഷയെയും സുഹൃത്ത് ദേവാംഗന കലിതയെയും ആദ്യം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമായിരുന്നു ഇത്. കേസിൽ ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ച് ജാമ്യം അനുവദിച്ചിരുന്നു.
തൊട്ടുപിന്നാലെ ഡൽഹി കലാപത്തിൽ പങ്കുചേർത്ത് ഇരുവരെയും വീണ്ടും അറസ്റ്റുചെയ്തു. ഈ കേസിൽ രണ്ടുദിവസം കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് ഗൂഡാലോചന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തുകയായിരുന്നു. ഇരുവരെയും ജൂൺ 11 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
