പി.എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: പി.എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായ വിജയൻ. പത്രപ്രവർത്തകനായിട്ട് എത്ര നാളായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോൾ, പിഎം ശ്രീയുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ചർച്ച ഇന്ന് രാവിലെ യോഗത്തിൽ നടന്നോ എന്ന് മുഖ്യമന്ത്രിയോട് മാധ്യമ പ്രവർത്തകർ ചോദിച്ചു. ഉടനെ ക്ഷുഭിതനായി ‘നിങ്ങൾ പത്രപ്രവർത്തനം ആരംഭിച്ചിട്ട് എത്ര കാലമായി?’ എന്ന് മുഖ്യമന്ത്രി മറുചോദ്യം ചോദിക്കുകയായിരുന്നു.
പിഎംശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങളും കരാർ താൽക്കാലികമായി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തെഴുതുകയും ചെയ്തതിന് പിന്നാലെ നടക്കുന്ന ആദ്യ പൊളിറ്റ് ബ്യൂറോ യോഗമായിരുന്നു ഇന്ന്. കേന്ദ്ര നേതൃത്വത്തിന്റെ അറിവോ ചർച്ചകളോ ഇല്ലാതെയായിരുന്നു പിഎം ശ്രീയുമായി ബന്ധപ്പെട്ട പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചത്. ഇതേതുടർന്ന്, സി.പിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായി ചർച്ച നടത്തുകയും പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകുകയും ചെയ്തിരുന്നു. സിപിഐ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് കരാർ മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
അതിനിടെ, പി.എം.ശ്രീയിൽനിന്ന് പിൻമാറിയതിന്റെ പേരിൽ ഫണ്ട് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രിക്കില്ല എന്ന ശിവൻ കുട്ടിയുടെ പ്രസ്താവനക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നു. രണ്ടും രണ്ടാണെന്നും അവ തമ്മിൽ കൂട്ടിക്കെട്ടുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയമാണ് എന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.
‘പി.എം.ശ്രീയും സമഗ്ര ശിക്ഷാ കേരളയും രണ്ടും ഒന്നല്ല. രണ്ടും തമ്മിൽ കൂട്ടിക്കെട്ടുന്നത് ബിജെപി രാഷ്ട്രീയമാണ്. അതല്ല നമ്മുടെ രാഷ്ട്രീയം. എൽഡിഎഫ് രാഷ്ട്രീയം അതല്ല. റൈറ്റ് ടു എജുക്കേഷൻ ആക്ടിന്റെ വെളിച്ചത്തിൽ എസ്.എസ്.കെ ഫണ്ട് കിട്ടാൻ നമുക്ക് അവകാശമുണ്ട് എന്നതാണ് സി.പി.ഐയുടെ നിലപാട്. എൽ.ഡി.എഫിനും അതായിരിക്കും സ്വീകാര്യം. എന്തായാലും സി.പി.എമ്മിന് അത് മനസ്സിലാകും എന്ന് എനിക്ക് ഉറപ്പുണ്ട്. എസ്.എസ്.കെയും പിഎംശ്രീയും കൂട്ടിക്കെട്ടിക്കൊണ്ട് ആ ന്യായം പറഞ്ഞ് അവകാശപ്പെട്ട എസ്.എസ്.കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ ഇടതുപക്ഷം അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ആ രാഷ്ട്രീയം എൽഡിഎഫിന് ഉണ്ട്. ആ രാഷ്ട്രീയം ശിവൻകുട്ടിക്ക് എന്തായാലും ബോധ്യപ്പെടും’ -ബിനോയി വിശ്വം പറഞ്ഞു.
ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തിൽനിന്നും സി.പി.എം പഠിക്കേണ്ട കാര്യമില്ലെന്ന ശിവൻകുട്ടിയുടെ പരാമർശത്തിനും ബിനോയ് വിശ്വം മറുപടി നൽകി. ‘ഇപ്പോൾ ഈ സമയത്ത് സഖാവ് ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ എന്താണ് കാരണം എന്ന് എനിക്കറിയില്ല. ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയാണ്. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാകാനോ ഞാനില്ല. അതിന് എന്റെ രാഷ്ട്രീയ ബോധം അനുവദിക്കുന്നില്ല. ആ രാഷ്ട്രീയ ബോധം എല്ലാവർക്കും വേണം. അതാണ് എൽഡിഎഫിന്റെ കൈ മുതൽ. അതാണ് കരുത്ത്. സിപിഐക്ക് ആ രാഷ്ട്രീയ ബോധമുണ്ട്. പിഎംശ്രീയെ സംബന്ധിച്ച് സഖാവ് ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ ഞാൻ ആളല്ല. പി.എം.ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവൻകുട്ടിയെ പഠിപ്പിക്കാൻ എന്നെക്കാളും എന്തുകൊണ്ടും അർഹരും അവകാശമുള്ളവരും സഖാവ് എം.എ. ബേബിയും സഖാവ് ഗോവിന്ദൻ മാഷുമാണ്. അവര് പഠിപ്പിക്കട്ടെ.
പിഎംശ്രീ എന്ന പദ്ധതി എൻ.ഇ.പിയുമായി കൂട്ടിയിണക്കപ്പെട്ട ഒന്നാണ്. ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണത്. അതിനെ പറ്റിയുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ഞാൻ പഠിപ്പിക്കുന്നില്ല. പഠിപ്പിക്കാൻ സിപിഎമ്മിന്റെ നേതാക്കൾ ഈ നാട്ടിലുണ്ട്. ശിവൻകുട്ടിക്ക് രാഷ്ട്രീയ ബോധമില്ല എന്നൊന്നും ഞാൻ പറയില്ല. ശിവൻകുട്ടിക്ക് നല്ല രാഷ്ട്രീയ ബോധമുണ്ട്. ശിവൻകുട്ടി നല്ല രാഷ്ട്രീയ നേതാവാണ്. ശിവൻകുട്ടി മാന്യ സുഹൃത്താണ്. ശിവൻകുട്ടി സിപിഎം നേതാവാണ്. ശിവൻകുട്ടി ആദരണീയനായ വിദ്യാഭ്യാസ മന്ത്രിയാണ്. എല്ലാമാണ്. ഒരു കാരണ വശാലും ശിവൻകുട്ടിയെ ചെറുതാക്കാൻ ഞാനില്ല.
പി.എം ശ്രീയിൽനിന്ന് പിൻമാറാൻ തീരുമാനിച്ചപ്പോൾ ഈ വിജയം സി.പി.ഐയുടെ വിജയമല്ലേ എന്ന് പലരും എന്നോട് ചോദിച്ചു. വിജയത്തിന്റെയും പരാജയത്തിന്റെയും അളവുകോൽ വെച്ച് ഇത് അളക്കാൻ ഞങ്ങൾ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങൾക്ക് അങ്ങനെ അളക്കാൻ വാശി ഉണ്ടെങ്കിൽ ഇത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ് എന്ന് ഞാൻ പറയും. എൽഡിഎഫിന്റെ ഐഡിയോളജിയുടെയും ഐക്യത്തിന്റെയും വിജയമാണത്. ഈ കത്തെഴുതിയ കാര്യം അടക്കമുള്ള എല്ലാ കാര്യങ്ങളും സിപിഐയുടെയും സിപിഎമ്മിന്റെയും അടക്കം എൽഡിഎഫിന്റെ വിജയമാണ്. ആ രാഷ്ട്രീയ വിജയം എൽഡിഎഫിന്റെ രാഷ്ട്രീയ ആശയത്തിന്റെ വിജയമാണ്. അത് ഇന്ത്യയിലെമ്പാടും പിഎംശ്രീക്കെതിരെ പടവെട്ടുന്ന വമ്പിച്ച രാഷ്ട്രീയ ബോധമുള്ള അധ്യാപക പ്രസ്ഥാനത്തിന്റെയും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും വിജയമാണ്. അത് പറയുമ്പോൾ ഞാൻ എ.ഐ.എസ്.എഫിനെയും എസ്എഫ്ഐയെയും കാണുന്നു.
ഈ സമയത്ത് എന്റെ പ്രിയപ്പെട്ട സഖാവ് ശിവൻകുട്ടി അടക്കം ആര് പ്രകോപനം ഉണ്ടാക്കിയാലും പ്രകോപിക്കപ്പെടാൻ സിപിഐ ഇല്ല. സിപിഐക്ക് വലുത് എൽഡിഎഫ് രാഷ്ട്രീയമാണ്. എൽഡിഎഫ് വിജയമാണ്. ഉപസമിതിക്ക് ഗൗരവം ഉണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. ഉപസമിതി കൺവീനറായ ശിവൻകുട്ടിക്ക് ആ ബോധ്യം ഉണ്ടാകണം. തദ്ദേശ തെരഞ്ഞെടുപ്പ് ആയതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല എന്ന് ശിവൻ കുട്ടി പറഞ്ഞത് നല്ല കാര്യം. അദ്ദേഹം പറയട്ടെ. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ വിജയത്തിനോ ഭംഗമാക്കുന്ന ഒന്നും സിപിഐ പറയുകയോ ചെയ്യുകയേതാ ഇല്ല’ -ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

