ആരെ നോക്കി സംസാരിക്കണം? സഭയിൽ പിണറായി - സതീശൻ വാക്‌പോര്; 'എന്നെ നോക്കിയങ്ങ് പറയാം' സ്പീക്കർ
text_fieldsതിരുവനന്തപുരം: നിയമസഭയിൽ സംസാരിക്കുമ്പോൾ ആരെ നോക്കണം എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനുംപ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാക്‌പോര്. ഇരുവരും തമ്മിലുള്ള വാദപ്രതിവാദം മുറുകിയതോടെ സ്പീക്കർ ഇടപെട്ടു. ഇരുകൂട്ടർക്കും ബുദ്ധിമുട്ടില്ലാതെ തന്നെ നോക്കി സംസാരിക്കാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദ്ദേശിച്ചു.
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ആവർത്തിക്കുന്നതിനാൽ ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവാണ് വാഗ്വാദത്തിന് തുടക്കമിട്ടത്. എന്നാൽ, ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും അനാവശ്യമായി പരിഹസിക്കരുതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. 102 അംഗങ്ങളുള്ളതിനാൽ ഭരണപക്ഷ നിരയെ നോക്കുമ്പോൾ തനിക്ക് അഭിമാനം തോന്നാറുണ്ടെന്നും അതുകൊണ്ടാണ് താൻ ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, പ്രതിപക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷ നേതാവിന് വിഷമമുണ്ടാകുമെന്നും, പ്രതിപക്ഷത്തിന്റെ അംഗബലം 35 ലേക്ക് ചുരുങ്ങിയതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
താൻ ശൈലിയെ വിമർശിച്ചതല്ലെന്നും പാർലമെന്ററി രീതികളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ കാര്യം മുഖ്യമന്ത്രി മനസ്സിലാക്കണമെന്നുമായിരുന്നു പിണറായിയുടെ മറുപടി. ഇതിനിടെ തർക്കത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു. സഭാ ചട്ടങ്ങളെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും, "അതുകൊണ്ട് രണ്ടു കൂട്ടർക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ എന്നെ നോക്കി അങ്ങ് പറയാം" എന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സഭയിൽ ചിരി പടർത്തി.
ഇതോടെ സഭയിൽ സ്പീക്കറെ അഭിസംബോധന ചെയ്യണമെന്നുണ്ടെങ്കിലും സ്പീക്കറുടെ മുഖത്ത് നോക്കി സംസാരിക്കണമെന്ന് നിർബന്ധമില്ലെന്നായി മുഖ്യമന്ത്രി. ഇതോടെ മുഖ്യമന്ത്രി സ്പീക്കറെ തിരുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തുടർന്ന് കൂടുതൽ തർക്കങ്ങളിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കി സ്പീക്കർ പറഞ്ഞു വാഗ്വാദം അവസാനിപ്പിക്കുകയായിരുന്നു.

