സ്റ്റാലിൻ സഹോദരനെന്ന് പിണറായി; വൈക്കം സത്യഗ്രഹത്തിെൻറ നൂറാം വാര്‍ഷികത്തിന് കേരളത്തിലേക്ക് ക്ഷണിച്ചു
text_fieldsനാഗർകോവിൽ: സ്റ്റാലിനെ സഹോദരനെന്നു വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് ജനാധിപത്യത്തോട് അലർജിയാണ്. ബ്രാഹ്മണിക്കൽ കാലഘട്ടത്തിലേക്കാണ് സംഘപരിവാറിന്റെ പോക്ക്. പശു കേന്ദ്രീകൃത രാഷ്ട്രീയമാണ് നടത്തുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴും സനാതന ഹിന്ദുത്വം എന്ന വാക്ക് മുഴങ്ങിക്കേൾക്കുന്നു. ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ച കാലമാണ് സംഘപരിവാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പിണറായി പറഞ്ഞു. നാഗർകോവിൽ ‘തോള്‍ ശീലൈ’ മാറുമറയ്ക്കൽ സമരത്തിന്‍റെ 200-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് വർഗീയ സംഘർഷങ്ങളില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളേ ഉള്ളൂ. അതിൽ ഒന്ന് തമിഴ്നാടും മറ്റൊന്ന് കേരളവുമാണ്. ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമായ രാഷ്ട്രീയ സൂചനയാണ് നൽകുന്നത്. ത്രിപുരയിൽ തിപ്ര മോത്ത പാർട്ടി വോട്ട് ഭിന്നിപ്പിച്ചില്ലായിരുന്നെങ്കിൽ മറ്റൊന്നാകുമായിരുന്നു ഫലം. ബി.ജെ.പിക്ക് ത്രിപുരയിൽ 10 ശതമാനം വോട്ടു കുറഞ്ഞു. ഇഡിയുടെയും സി.ബി.ഐയുടെയും വിശ്വാസ്യത തകരുന്നു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് പിണറായി ആരോപിച്ചു.
ഇതിനിടെ, വൈക്കം സത്യഗ്രഹം ഒന്നിച്ച് ആഘോഷിക്കാമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശം പിണറായി വിജയന്‍ സ്വീകരിച്ചു. 100-ാം വാര്‍ഷികാഘോഷങ്ങളിലേക്കു സ്റ്റാലിനെ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിച്ച എം.കെ. സ്റ്റാലിനാണ് പിണറായി വിജയനു മുന്നിൽ വൈക്കം സത്യഗ്രഹം ഒരുമിച്ച് ആഘോഷിക്കണമെന്ന ആവശ്യം വച്ചത്. പിന്നീടു സംസാരിച്ച പിണറായി, സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സ്റ്റാലിനെ ക്ഷണിക്കുകയായിരുന്നു.