ജയ് പുർ: രാജസ്ഥാൻ ആരോഗ്യമന്ത്രി പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ് പുരിലെ ചുവരിൽ മൂത്രമൊഴിക്കുന്ന ചിത്രം വൈറലാകുന്നു. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ടോപ് ചാർട്ടിൽ ഉൾപ്പെടാൻ വേണ്ടി ജയ് പുർ മുനിസിപ്പൽ കോർപറേഷൻ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് ചിത്രം വൈറലായത്. ബി.ജെ.പി സർക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ് ചിത്രം. എന്നാൽ ആരോഗ്യമന്ത്രി കാളിചരൺ സറഫിന് കുലുക്കമില്ല. മന്ത്രിയുടെ ഓഫിസിലെത്തി പ്രതികരണമാരാഞ്ഞവരോട് ഇതൊന്നും വലിയ കാര്യമല്ല എന്നായിരുന്നു മറുപടി.
സംസ്ഥാനത്ത് പൊതുറോഡിൽ മൂത്രമൊഴിക്കുന്നവർക്ക് 200 രൂപയാണ് പിഴ. കാളിചരൺ സറഫ് ഇത്തരത്തിൽ ഇതിനുമുൻപും പെരുമാറിയിട്ടുണ്ടെന്നും എന്നാൽ അന്ന് തനിക്ക് ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ലെന്നും കോൺഗ്രസ് നേതാവ് അർച്ചന ശർമ പറഞ്ഞു.
വസുന്ധര രാജെ സിന്ധ്യയും ബി.ജെ.പി സർക്കാറും രാജസ്ഥാനിൽ വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായോട് വസുന്ധരയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണണെന്ന് കോട്ട അധ്യക്ഷൻ ആവശ്യപ്പെടുന്ന ഓഡിയോ ക്ളിപ് പ്രചരിച്ചത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.