പണത്തിന് മുകളിൽ 'കിടന്ന്' ഉല്ലസിച്ച് ബി.ജെ.പി സഖ്യകക്ഷി നേതാവ്; വിശദീകരണവുമായി പാർട്ടി
text_fieldsദിസ്പൂർ: പണത്തിന് മുകളിൽ കിടന്ന് ഉല്ലസിച്ച് ബി.ജെ.പി സഖ്യകക്ഷിയായ യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ) നേതാവ് ബെഞ്ചമിൻ ബസുമതരി. നോട്ടുകെട്ടുകൾക്ക് മുകളിൽ കിടക്കുന്ന നേതാവിന്റെ ചിത്രം വൈറലായതോടെ വെട്ടിലായിരിക്കുകയാണ് പാർട്ടി.
അസം രാഷ്ട്രീയ നേതാവായ ബെഞ്ചമിൻ ബസുമതരി ഷർട്ട് ധരിക്കാതെ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകൾക്ക് മുകളിൽ കിടന്നുറങ്ങുന്നതാണ് ഫോട്ടോ.
അതേസമയം ചിത്രം വൈറലായതോടെ ബസുമതരിയെ ജനുവരി 10ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നാണ് യു.പി.പി.എൽ അധ്യക്ഷൻ പ്രമോദ് ബോറോയുടെ വിശദീകരണം. ചിത്രം അഞ്ച് വർഷം മുൻപ് എടുത്തതാണെന്നും ഫോട്ടോയിലുള്ള പണം അദ്ദേഹത്തിന്റെ സഹോദരിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. ബസുമതരിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാണെന്നും വ്യക്തിപരമായ പ്രവർത്തനങ്ങൾക്ക് പാർട്ടി ഉത്തരവാദിയല്ലെന്നും ബോറ് കൂട്ടിച്ചേർത്തു. അതേസമയം ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാനായിട്ടില്ലെന്ന് വാർത്ത പുറത്തുവിട്ട ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.

