ഐ.പി.ഒക്കൊരുങ്ങി ഫോൺ പേ
text_fieldsന്യൂഡൽഹി: ഡിജിറ്റൽ പണവിനിമയ ആപ് ആയ ഫോൺ പേ പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) തയാറെടുക്കുന്നു. ആഗോള സൂപ്പർമാർക്കറ്റ് ശൃംഖലയായ വാൾമാർട്ട് നിയന്ത്രിക്കുന്ന ഫ്ലിപ്കാർട്ട് ഗ്രൂപ്പിന് കീഴിലെ കമ്പനിയാണ് ഫോൺ പേ. യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ്) അടക്കം ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി പൊതുവിപണിയിൽനിന്ന് പണം സമാഹരിക്കാൻ ഇറങ്ങുന്നത്.
8-10 ബില്യൺ ഡോളർ (78,000 കോടി) വിപണി മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കമ്പനി ഇന്ത്യയിലേക്ക് മാറുന്നതിനുള്ള നടപടികൾ തുടങ്ങിയതായി കമ്പനി വക്താവ് അറിയിച്ചു. ഫ്ലിപ്കാർട്ട് മുൻ ഉദ്യോഗസ്ഥരായിരുന്ന സമീർ നിഗം, രാഹുൽ ചാരി, ബുർസിൻ എൻജിനീയർ എന്നിവർ ചേർന്നാണ് ഫോൺ പേ തുടങ്ങിയത്. 2016ൽ ഫ്ലിപ്കാർട്ട് ഏറ്റെടുത്തു. 2018ൽ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തപ്പോൾ കരാറിന്റെ ഭാഗമായി ഫോൺ പേയും കൈമാറുകയായിരുന്നു.