ഐ.ഐ.ടി കാൺപൂരിൽ ഗവേഷക വിദ്യാർഥി ജീവനൊടുക്കി; നാല് മാസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ
text_fieldsകാൺപൂർ: ഐ.ഐ.ടി കാൺപൂരിൽ പി.എച്ച്.ഡി വിദ്യാർഥി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ആറാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ. 25കാരനായ രാമസ്വരൂപ് ഇശ്വറാം ആണ് മരിച്ചത്.
എർത്ത് സയൻസ് ഡിപ്പാർട്ട്മെന്റിൽ ഗവേഷക വിദ്യാർഥിയായിരുന്നു ഇശ്വാറാം. ആത്മഹത്യ കുറിപ്പൊന്നും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. നാല് മാസത്തിനിടെ ഐ.ഐ.ടി കാൺപൂരിൽ നടക്കുന്ന മൂന്നാമത്തെ വിദ്യാർഥി ആത്മഹത്യയാണ്. പ്രാഥമിക അന്വേഷണത്തിൽ വിദ്യാർഥി സ്വയം ജീവനൊടുക്കിയെന്നാണ് നിഗമനമെന്നും ഇക്കാര്യത്തിൽ മറ്റ് സംശയങ്ങൾ ഇല്ലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. വിദ്യാർഥി ആത്മഹത്യ ചെയ്യുന്ന സമയത്ത് നിരവധി വിദ്യാർഥികൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഫോറൻസിക് വിദഗ്ധർ ഉൾപ്പടെ സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ന്യു എസ്.ബി.ആർ.എ ബിൽഡിങ്ങിലാണ് ഈശ്വാറാം ഭാര്യയും മകളും കൂടി താമസിച്ചിരുന്നത്. ഇയാൾക്ക് വിഷാദരോഗമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. രാജസ്ഥാനിലെ ചുരു ജില്ലയിൽ നിന്നുള്ളയാളാണ് ഈശ്വാറാം. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർഥി കെട്ടിടത്തിൽ നിന്ന് ചാടിയെന്ന വിവരത്തെ തുടർന്നാണ് ഐ.ഐ.ടിയിലേക്ക് പോയതെന്ന് ഡെപ്യൂട്ടി കമീഷണർ എസ്.എം ക്വാസിം അബിദി പറഞ്ഞു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ ദീർഘകാലമായി വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകളെന്നും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

