പണമുണ്ടാക്കാൻ രഹസ്യലാബിൽ 'മ്യൂ മ്യൂ' മയക്കുമരുന്നുണ്ടാക്കി വിൽപന; പി.എച്ച്ഡിക്കാരൻ പിടിയിൽ
text_fieldsഹൈദരാബാദ്: നഗരത്തിലെ രഹസ്യലാബിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുണ്ടാക്കി വിറ്റ രസതന്ത്ര ഗവേഷകനെ ഡിപാർട്മെൻറ് ഓഫ് റെവന്യു ഇൻറലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തു. മ്യൂ മ്യൂ എന്നറിയപ്പെടുന്ന മെഫിഡ്രോണാണ് ഇയാൾ രഹസ്യലാബിൽ നിര്‍മിച്ചു വിൽപന നടത്തിയത്. 4 മീഥൈൽമെഥ്കാത്തിനോൺ, 4 മീഥൈൽ എഫിഡ്രോൺ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മയക്കുമരുന്ന് ഇയാള്‍ സ്വന്തമായി നിര്‍മിച്ചെടുക്കുകയായിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപോർട്ട് ചെയ്തു.
രസതന്ത്രത്തിൽ പി.എച്ച്ഡി നേടിയ 45കാരനായ ശ്രീനിവാസ റാവുവാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറ്റത്തിനിടെയാണ് പ്രതിയെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തത്. സംഭവ സമയം 63.12 ലക്ഷം രൂപ വിലവരുന്ന 3.156 കിലോഗ്രാം മെഫിഡ്രോണും പിടികൂടി. പിന്നാലെ ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 12.40 ലക്ഷം രൂപയും 112 ഗ്രാം മയക്ക് മരുന്നും കണ്ടെത്തി.
നഗരത്തിൻെറ പ്രാന്തപ്രദേശത്തുള്ള ലാബിൽ നിന്നും മയക്കുമരുന്ന് നിര്‍മിക്കാൻ ഉപയോഗിക്കുന്ന 219.5 കിലോയോളം അസംസ്കൃത വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഈ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് 15 മുതൽ 20 കിലോഗ്രാം വരെ മയക്കുമരുന്ന് നിർമിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
രസതന്ത്രത്തിൽ പി.എച്ച്ഡി നേടിയ പ്രതി മുമ്പ് ഒരു മരുന്നു നിര്‍മാണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഒരു വര്‍ഷത്തിനിടെ നൂറു കിലോയിലധികം മയക്കുമരുന്ന് ഇയാള്‍ നിര്‍മിച്ചു വിറ്റിട്ടുണ്ട്. മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് കേസിലെ അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രധാന സൂത്രധാരൻ ഉൾപ്പെടെ രണ്ട് പേരെ വെള്ളിയാഴ്ച ഡി.ആർ.ഐ അറസ്റ്റ് ചെയ്തിരുന്നു.
1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം നിരോധിച്ച മയക്കുമരുന്നാണ് മെഫിഡ്രോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

