ലണ്ടൻ: ഫൈസർ, ആസ്ട്രസെനിക്ക വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ആന്‍റിബോഡി സാന്നിധ്യം 10 ആഴ്ചക്ക് ശേഷം കുറയുന്നുവെന്ന് റിപ്പോർട്ട്. ലാൻസെറ്റ് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ചത്.
ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഗവേഷകരാണ് പഠനം നടത്തിയത്. പുതിയ പഠനഫലം പുറത്ത് വന്നതോടെ വാക്സിൻ സുരക്ഷയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ജനിതകവകഭേദം സംഭവിച്ച കൊറോണ വൈറസിനെതിരെ വാക്സിൻ ഫലപ്രദമാണോയെന്ന കാര്യത്തിലാണ് ആശങ്ക ഉയരുന്നത്.
രണ്ട് ഡോസ് ഫൈസർ, ആസ്ട്രസെനിക്ക വാക്സിനുകൾ സ്വീകരിച്ചവരിൽ ഉയർന്ന അളവിലുള്ള ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മൂന്ന് മാസത്തിന് ശേഷം ആന്‍റിബോഡിയുടെ അളവിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 18 വയസിന് മുകളിൽ പ്രായമുള്ള 600 പേരിലാണ് പഠനം നടത്തിയത്. ആന്‍റിബോഡി സാന്നിധ്യത്തിൽ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.