പോപുലർ ഫ്രണ്ട് നേതാക്കളുടെ അന്യായ തടങ്കൽ രാഷ്ട്രീയ പ്രതികാരം, ആശങ്കാജനകം -ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്
text_fieldsജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷൻ പ്രഫ. മുഹമ്മദ് സലീം (മധ്യത്തിൽ)
ന്യൂഡൽഹി: എൻ.ഐ.ഐ കേസിന്റെ പേരിൽ പോപുലർ ഫ്രണ്ട് നേതാക്കളായ ഇ. അബൂബക്കർ, പി. കോയ, ഒ.എം.എ സലാം, ഇ.എം. അബ്ദുറഹ്മാൻ എന്നിവരുടെ അന്യായ തടങ്കൽ രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും അവരുടെ തടങ്കൽ നീണ്ടുപോകുന്നത് ആശങ്കാജനകമാണെന്നും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷൻ പ്രഫ. മുഹമ്മദ് സലീം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഉമർ ഖാലിദ്, ശർജീൽ ഇമാം തുടങ്ങിയ വിദ്യാർഥി നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി ജയിലിലടച്ചതും ഇതിനോട് ചേർത്ത് പറഞ്ഞ ജമാഅത്ത് ഉപാധ്യക്ഷൻ, വിയോജിക്കാനും അധികാരത്തിലുള്ളവരെ വിമർശിക്കാനുമുള്ള തങ്ങളുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നതിന്റെ പേരിൽ ആളുകളെ ശിക്ഷിക്കാൻ ഭരണസംവിധാനത്തെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നാണ് ഈ കേസുകൾ വ്യക്തമാക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഉത്തർ പ്രദേശിൽ സമാജ്‍വാദി പാർട്ടി നേതാവ് അഅ്സം ഖാന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, ജയിലിൽ നിന്ന് പുറത്തിറങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മറ്റൊരു കേസിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തതും ഇതേ തരത്തിലാണ്. അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ദീർഘകാലം ജയിലിൽ പാർപ്പിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച മുഹമ്മദ് അലി ജൗഹർ സർവകലാശാലക്കെതിരിലും പ്രതികാര നടപടിയുണ്ടായി. അധികാരത്തിലുള്ളവർക്ക് വെല്ലുവിളിയാകുന്നവരെ ലക്ഷ്യമിടുന്ന രാഷ്ട്രീയ പ്രതികാര നടപടികളുടെ ദീർഘനാളായുള്ള പ്രവണതയുടെ ഭാഗമാണ് ഈ സംഭവം.
അന്വേഷണ ഏജൻസികളുടെ അധികാരങ്ങൾ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനോ ഭിന്നാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത്തരം കേസുകൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രതികാരത്തിനായി കേസുകളും അന്വേഷണ ഏജൻസികളും ഉപയോഗിക്കുന്ന പ്രവണതയെ സംഘടന ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമാധാനപരമായ ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് ഗുരുതരമായ ആഘാതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

