പി.എഫ് പെൻഷൻ: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കേന്ദ്രം
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ഉയര്‍ന്ന വേതനത്തിന്‍റെ അടിസ്ഥാനത്തില്‍ പി.എഫ് പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് സമയബന്ധിതമായി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ.
2023 ജൂലൈ 11 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈനിലൂടെ 17.49 ലക്ഷം അപേക്ഷകളാണ് ജോയന്‍റ് ഓപ്ഷന്‍ വാലിഡേഷനുവേണ്ടി ലഭിച്ചിട്ടുള്ളത്. അതില്‍ 15.24 ലക്ഷം അപേക്ഷകള്‍ തൊഴിലുടമകള്‍ 2025 ജനുവരി 31 വരെ ഇ.പി.എഫ്.ഒക്ക് കൈമാറിയിട്ടുണ്ടെന്നും ലോക്‌സഭയിൽ തൊഴില്‍ വകുപ്പ് മന്ത്രി സുശ്രീ ശോഭ കരണ്‍ലജെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ അറിയിച്ചു.
ഇ.പി.എഫ്.ഒക്ക് ലഭിച്ച 99 ശതമാനം അപേക്ഷകളും 25 നവംബർ 24 ലെ കണക്കനുസരിച്ച് തീര്‍പ്പാക്കി. 4,27,308 ഡിമാൻഡ് നോട്ടീസ് നല്‍കിയതില്‍ 34,060 അപേക്ഷകള്‍ വിഹിതം അടക്കാത്തതിന്‍റെ പേരില്‍ അര്‍ഹതയില്ലാത്തതാണെന്ന് കണ്ടെത്തി. 2,33,303 അപേക്ഷകര്‍ ഡിമാന്‍ഡ് തുക അടച്ചിട്ടുണ്ട്. അതില്‍ 96,274 പേര്‍ സർവിസിലുള്ളവരും 13,7029 പേര്‍ വിരമിച്ചവരുമാണ്. വിരമിച്ചവരില്‍ 12,4457 പേര്‍ക്ക് പെന്‍ഷന്‍ പെയ്മെന്‍റ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 12,572 പെന്‍ഷന്‍ പെയ്മെന്‍റ് ഓര്‍ഡറുകള്‍ തയാറാക്കി വരുകയാണെന്നും മന്ത്രി മറുപടി നല്‍കി. പ്രോറാറ്റാ പെന്‍ഷന്‍ നിശ്ചയിക്കല്‍ പുനഃപരിശോധിക്കണമെന്ന ആവശ്യത്തിന് പ്രോറാറ്റ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
ഇ.പി.എഫ് സമഗ്ര പരിഷ്കരണത്തിനുള്ള ഹൈ എംപവേര്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നതാണ് ആവശ്യം. തൊഴിലുടമയും തൊഴിലാളികളും കേന്ദ്രസര്‍ക്കാറും വിഹിതമിട്ടു നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍ പെന്‍ഷന്‍ കൊടുക്കുന്നതിന് ഫണ്ട് പര്യാപ്തമല്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാറിന്‍റെ ബജറ്റിലൂടെയുള്ള അധികസഹായം ചേര്‍ത്താണ് നിലവില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
ഫണ്ടിന്‍റെ നിലവിലെ അവസ്ഥയും ഭാവിയിലുണ്ടാകുന്ന ബാധ്യതയും കണക്കിലെടുത്ത് തൊഴിലാളികളുടെ ആനൂകൂല്യങ്ങള്‍ വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

