പി.എഫ് അഞ്ചുലക്ഷം വരെ പിൻവലിക്കാം; മൂന്നുദിവസത്തിനുള്ളിൽ തുക ലഭിക്കും
text_fieldsന്യൂഡൽഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽനിന്ന് തുക പിൻവലിക്കാനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി. മുൻകൂർ പിൻവലിക്കാനുള്ള ഇത്തരം ക്ലെയിമുകൾ മൂന്ന് ദിവസത്തിനകം തീർപ്പാക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ സേവനം ലക്ഷക്കണക്കിന് അംഗങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് കോടിയിലധികം അംഗങ്ങളുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) കോവിഡ് കാലത്ത് വേഗത്തിൽ സേവനം നൽകാനായി അഡ്വാൻസ് ക്ലെയിമുകൾ ഓൺലൈനാക്കിയിരുന്നു. അതോടൊപ്പം ഓട്ടോ-സെറ്റിൽമെന്റ് സൗകര്യവും ഏർപ്പെടുത്തി.
പിന്നീട്, രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങൾ എന്നിവക്കുള്ള അഡ്വാൻസ് ക്ലെയിമുകൾ ഇതേ രീതിയിലാക്കി. അതാണ് ഇപ്പോൾ തുക കൂട്ടി കൂടുതൽ പ്രയോജനപ്രദമാക്കുന്നത്. ഇത്തരം ക്ലെയിമുകൾ മനുഷ്യ പങ്കാളിത്തമില്ലാതെ കമ്പ്യൂട്ടർ സ്വയം തീർപ്പാക്കുന്നതാണ് രീതി.

