ഇന്ധനക്കൊള്ള തുടരുന്നു; ആറുദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 3.32 രൂപ
text_fieldsന്യൂഡൽഹി: തുടർച്ചയായ ആറാം ദിവസവും എണ്ണ കമ്പനികൾ വിലയുയർത്തി. ഇതോടെ പെട്രോൾ ലിറ്ററിന് 3.32 രൂപയും ഡീസൽ ലിറ്ററിന് 3.26 രൂപയുമാണ് വർധിച്ചത്.
വെള്ളിയാഴ്ച മാത്രം പെട്രോൾ ലിറ്ററിന് 57 പൈസയും ഡീസൽ ലിറ്ററിന് 56 പൈസയുമാണ് കൂട്ടിയത്. 82 ദിവസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് കമ്പനികൾ തുടർച്ചയായി വിലവർധിപ്പിക്കാൻ തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഡോളർ-രൂപ വിനിമയ നിരക്കിലെ അന്തരവുമാണ് വിലവർധനക്ക് കാരണമായി പറയുന്നത്. വരും മാസങ്ങളിലും വില കൂടുമെന്നാണ് വിലയിരുത്തൽ. എണ്ണവില കുറഞ്ഞ സമയത്ത് രണ്ടുവട്ടം കേന്ദ്രം എക്സൈസ് തീരുവ വർധിപ്പിച്ചിരുന്നു. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് വർധിപ്പിച്ചത്.
ഇതുമൂലം, കഴിഞ്ഞ മാസങ്ങളിൽ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും അതിെൻറ ഗുണം ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നില്ല. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന നേരിയ വർധന മുതലെടുത്ത് എണ്ണക്കമ്പനികൾ ഉപഭോക്താക്കളെ പിഴിയുകയാണെന്ന ആരോപണം ശക്തമാണ്.
