ആധാർ ചട്ടങ്ങൾ കർശനമാക്കണമെന്ന ഹരജി: സുപ്രീം കോടതി നാളെ പരിഗണിക്കും
text_fieldsന്യൂഡൽഹി: മുതിർന്നവർക്കും കൗമാരക്കാർക്കും ആധാർ കാർഡ് അനുവദിക്കുന്നതിന് കർശനമായ മാർഗനിർദ്ദേശങ്ങൾ വേണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുന്നത്.
ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് മാത്രമേ നിലവിലെ രീതിയിൽ ആധാർ അനുവദിക്കാവൂ എന്നും മുതിർന്നവർക്ക് കാർഡ് നൽകുമ്പോൾ വിദേശ നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ പൗരന്മാരായി ചമയുന്നത് തടയാൻ കർശന പരിശോധനകൾ വേണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹരജിയിൽ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ, ആഭ്യന്തര മന്ത്രാലയം, ഐ.ടി മന്ത്രാലയം തുടങ്ങിയവരെ കക്ഷി ചേർത്തിട്ടുണ്ട്.
ആധാർ എന്നത് തിരിച്ചറിയൽ രേഖ മാത്രമാണെന്നും പൗരത്വമോ ജനനത്തീയതിയോ തെളിയിക്കാനുള്ള രേഖയല്ലെന്നും വ്യക്തമാക്കുന്ന ബോർഡുകൾ ആധാർ സേവന കേന്ദ്രങ്ങളിൽ സ്ഥാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. നിലവിലെ പരിശോധനാ സംവിധാനങ്ങളിലെ പാളിച്ചകൾ മുതലെടുത്ത് വിദേശികൾ ആധാർ കൈക്കലാക്കുകയും അത് ഉപയോഗിച്ച് റേഷൻ കാർഡ്, വോട്ടർ ഐ.ഡി തുടങ്ങിയ രേഖകൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് പൊതുവിഭവങ്ങൾ വിനിയോഗിക്കുന്നതിൽ വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. നിലവിൽ 144 കോടി ആധാർ കാർഡുകൾ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. 2016-ലെ ആധാർ നിയമം വിദേശികളെയും സ്വദേശികളെയും വേർതിരിച്ചറിയുന്നതിൽ പരാജയമാണോ എന്ന നിയമപ്രശ്നവും ഹരജി മുന്നോട്ടുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

