ന്യൂഡൽഹി: ഖുതുബ് മിനാർ സമുച്ചയത്തിലുള്ള ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് നിർമിച്ചത് ഹിന്ദു ക്ഷേത്രങ്ങൾ തകർത്താണെന്നും ഇവ പുനഃസ്ഥാപിച്ച് ആരാധനക്ക് അനുമതി വേണമെന്നും ആവശ്യപ്പെടുന്ന ഹരജിയിൽ ഡൽഹി സാകേത് കോടതി ജൂൺ ഒമ്പതിന് വിധി പറയും. 800 വർഷം മുമ്പ് നടന്നതെന്ന് അനുമാനിക്കുന്ന സംഭവത്തിൽ ഹരജിക്കാർക്ക് എങ്ങനെയാണ് നിയമപരമായ അവകാശം ഉന്നയിക്കാനാവുക എന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ആരാധന കൂടാതെ മൂർത്തി 800 വർഷം എങ്ങനെ അതിജീവിച്ചോ അതുപോലെ തുടരാൻ അനുവദിക്കൂ എന്നും കോടതി പറഞ്ഞു.
അതേസമയം, ഖുതുബ് മിനാർ സംരക്ഷിത സ്മാരകമാണെന്നും അവിടെ ആരാധന അനുവദിക്കാനാവില്ലെന്നും പുരാവസ്തു വകുപ്പ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. 1914 മുതൽ ഖുതുബ് മിനാർ സംരക്ഷിത സ്മാരകമാണ്. ഘടന മാറ്റാനോ കൂട്ടിച്ചേർക്കാനോ പാടില്ല. ഖനനം നടത്തണമെന്നും ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാനാകില്ല. തൽസ്ഥിതി നിലനിർത്തണം. സംരക്ഷിത പദവി നൽകിയ സമയത്ത് ഇല്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. സ്മാരകത്തിൽ ആരാധന അനുവദിക്കാൻ കഴിയില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
27 ക്ഷേത്രങ്ങൾ തകർത്താണ് ഖുതുബ് മിനാർ സമുച്ചയത്തിലുള്ള ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് നിർമിച്ചതെന്നാണ് ഹരജിക്കാരുടെ വാദം. ഹിന്ദുമതവിശ്വാസികൾ ആരാധിക്കുന്ന വിഷ്ണുവിന്‍റെയും ജൈന മതവിശ്വാസികൾ ആരാധിക്കുന്ന ഋഷഭ് ദേവിന്‍റെയും വിഗ്രഹങ്ങൾ സ്ഥാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.