‘വന്ദേ ഭാരതി’ന് മലപ്പുറത്ത് സ്റ്റോപ്പ് ഇല്ലാതാക്കിയത് രാഷ്ട്രീയ കാരണങ്ങളാലെന്ന് സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: കേരളത്തിൽ ജനസാന്ദ്രതയുള്ളതും ജനങ്ങൾ ഏറെ ട്രെയിൻ സർവീസിനെ ആശ്രയിക്കുകയും ചെയ്യുന്ന മലപ്പുറം ജില്ലയിലെ തിരൂരിൽ ‘വന്ദേ ഭാരത്’ ട്രെയിനിന് സ്റ്റോപ്പിനായി മലയാളി അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹരജി നൽകി. തന്‍റെ ഹരജി കേരള ഹൈകോടതി തള്ളിയതിനെതിരെ തുടർന്ന് അഡ്വ. പി.ടി ഷീജിഷ് ആണ് ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിലെത്തിയത്.
മലപ്പുറം ജില്ലക്ക് ആദ്യം സ്റ്റോപ്പ് അനുവദിച്ച് പിന്നീട് രാഷ്ട്രീയകാരണങ്ങളാൽ ഇല്ലാതാക്കിയെന്നും അത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും അഡ്വ. ശ്രീരാം പി മുഖേനെ സമർപ്പിച്ച ഹരജിയിൽ കുറ്റപ്പെടുത്തി. തിരൂരിൽ സ്റ്റോപ്പ് റദ്ദാക്കി പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ അനുവദിച്ചുവെന്ന് ഹരജിയിലുണ്ട്.
2011ലെ സെൻസസ് പ്രകാരം മലപ്പുറം, പാലക്കാട് ജില്ലകളിലെ ജനസംഖ്യാ കണക്ക് വെച്ച ഹരജിയിൽ, തിരൂരിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള ഷൊർണൂരിൽ പോയി മലപ്പുറത്തുള്ളവർക്ക് ട്രെയിൻ കയറാനാവില്ലെന്ന് ബോധിപ്പിച്ചു.
ഇതിൽ പൊതുതാൽപര്യമില്ലെന്നും ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കേണ്ടത് റെയിൽവെ ആണെന്നും അത്തരമൊരാവശ്യം ഉന്നയിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഹൈകോടതിയിലെ ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് കഴിഞ്ഞ മാസം 28ന് അഡ്വ. ഷിജീഷിന്റെ ഹരജി തള്ളിയത്. ജനങ്ങൾ ചോദിക്കുന്നതിനനുസരിച്ച് സ്റ്റോപ്പ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന പേര് അനുചിതമാകുമെന്നും ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

