മുസ്ലിംകൾക്കെതിരെ വധ-ബഹിഷ്കരണ ആഹ്വാനം: അടിയന്തര നടപടിക്ക് സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: ഹരിയാന വർഗീയ സംഘർഷത്തെത്തുടർന്ന് മുസ്ലിംകളെ കൊലപ്പെടുത്താനും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്കരിക്കാനും ആഹ്വാനം മുഴക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. പൊലീസ് അകമ്പടിയോടെ ഉച്ചഭാഷിണിയിലൂടെ ബഹിഷ്കരണാഹ്വാനം നടത്തിനീങ്ങുന്ന പ്രകടനം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഹരജി. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു.
വിദ്വേഷ പ്രചാരണത്തിനെതിരെ ശഹീൻ അബ്ദുല്ല എന്നയാൾ നേരത്തെ നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതിലാണ് സിബൽ പുതിയ അപേക്ഷ സമർപ്പിച്ചത്. അത്യന്തം ഗൗരവമേറിയ സംഭവമാണിതെന്ന് സിബൽ കോടതിയിൽ പറഞ്ഞു. ‘മുസ്ലിംകൾക്ക് വ്യാപാര സ്ഥാപനങ്ങളിൽ ജോലി നൽകിയാൽ പിന്നെ നിങ്ങൾ വഞ്ചകർ ആകും’ എന്ന് പൊലീസിന്റെ സാന്നിധ്യത്തിലാണ് ആഹ്വാനം മുഴങ്ങുന്നതെന്ന് സിബൽ ചൂണ്ടിക്കാട്ടി. അടിയന്തര അപേക്ഷ ഉച്ചസമയത്ത് പരിഗണിക്കണമെന്ന് സിബൽ ആവശ്യപ്പെട്ടു. ഹരിയാന സംഘർഷത്തെ ത്തുടർന്ന് വിശ്വഹിന്ദു പരിഷത്തും ബജ്റഗ്ദളും ആഹ്വാനം ചെയ്ത പ്രതിഷേധ റാലികൾ തടയാൻ വിസമ്മതിച്ച സുപ്രീംകോടതി വിദ്വേഷ പ്രസംഗം തടയാൻ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾക്ക് നിർദേശം നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും 27 റാലികളിൽ, മുസ്ലിംകളെ കൊലപ്പെടുത്താനും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്കരിക്കാനും പരസ്യാഹ്വാനം നടത്തിയതായി ശഹീൻ അബ്ദുല്ല അപേക്ഷയിൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

