രാമക്ഷേത്ര പ്രതിഷ്ഠ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
text_fieldsലഖ്നോ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. അലഹബാദ് ഹൈകോടതിയിലാണ് പൊതുതാൽപര്യ ഹരജി സമർപ്പിക്കപ്പെട്ടത്. യു.പിയിലെ ഗാസിയാബാദിൽ നിന്നുള്ള ഭോല ദാസാണ് ഹരജി നൽകിയത്. ശങ്കരാചാര്യൻമാരുടെ എതിർപ്പ് മുൻനിർത്തിയാണ് ഹരജി.
അയോധ്യയിൽ ഒരു മതപരമായ ചടങ്ങ് ജനുവരി 22ന് നടക്കുന്നുണ്ട്. രാമക്ഷേത്ര വിഗ്രഹത്തിന്റെ പ്രതിഷ്ഠയാണ് അയോധ്യയിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പ്രതിഷ്ഠ നിർവഹിക്കുന്നത്. ഇതിനെ എതിർത്ത് കൊണ്ട് ശങ്കരാചാര്യർ രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം ഇത്തരം ചടങ്ങുകൾ നടത്താൻ പാടില്ല. പണിപൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ആചാരങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സനാതധന ധർമ്മം അനുസരിച്ചാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തേണ്ടത്. എന്നാൽ, തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടാണ് ബി.ജെ.പി ചടങ്ങ് നടത്തുന്നതെന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്. നേരത്തെ പുരി ശങ്കരാചാര്യരായ സ്വാമി നിശ്ചലാനന്ദ് സരസ്വതി രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് നാല് ശങ്കരാചാര്യൻമാരും ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് വിശദീകരിച്ചിരുന്നു. സനാതന ധർമ്മത്തിന് വിരുദ്ധമായാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യയിലെ കക്ഷികളും ചടങ്ങിൽ പങ്കെടുക്കുന്നില്ല. പ്രതിഷ്ഠാദിന ചടങ്ങിനെ ബി.ജെ.പി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്. ശങ്കരാചാര്യൻമാർ ചടങ്ങിൽ പങ്കെടുക്കാത്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

