എൻ.എ. ഹാരിസ് എം.എൽ.എയുടെ ഹരജി;കർണാടക ഹൈകോടതി നടപടിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
text_fieldsബംഗളൂരു: കോൺഗ്രസിന്റെ ശാന്തിനഗർ എം.എൽ.എയും ബംഗളൂരു വികസന അതോറിറ്റി ചെയർമാനുമായ എൻ.എ. ഹാരിസിന്റെ ഹരജി സംബന്ധിച്ച ഹൈകോടതി നടപടിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യംചെയ്ത് എതിർ സ്ഥാനാർഥിയായിരുന്ന ബി.ജെ.പിയുടെ കെ. ശിവകുമാർ നൽകിയ ഹരജി തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു എൻ.എ. ഹാരിസ് എം.എൽ.എ സുപ്രീംകോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദീപാങ്കർ ദത്ത, ഉജ്വൽ ബുയാൻ എന്നിവരടങ്ങുന്ന ബെഞ്ച്, ഹരജിയിൽ ഹൈകോടതി നടപടി തുടരുന്നതിനാൽ ഇടപെടാൻ വിസമ്മതം അറിയിക്കുകയായിരുന്നു.
എൻ.എ. ഹാരിസിന്റെ നാമനിർദേശ പത്രിക റിട്ടേണിങ് ഓഫിസർ സ്വീകരിച്ചത് നിയമവിരുദ്ധമായാണെന്നും സമർപ്പിച്ച രേഖകളിൽ വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശാന്തനഗറിലെ ബി.ജെ.പി സ്ഥാനാർഥി കെ. ശിവകുമാർ കർണാടക ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, മതിയായ തെളിവില്ലാതെ തനിക്കെതിരെ സമർപ്പിച്ച ഹരജി തള്ളണമെന്നാവശ്യപ്പെട്ട് എം.എൽ.എ ഹൈകോടതിയിൽ ഹരജി നൽകി. ഇതു തള്ളിയ ഹൈകോടതി, ശിവകുമാർ സമർപ്പിച്ച ഹരജിയിൽ വാദം തുടരാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, ഹൈകോടതി നടപടിക്കെതിരെ എം.എൽ.എ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഡ്വ. മുഹമ്മദ് ഷാറൂഖ് എന്നിവർ ഹരജിക്കാരനുവേണ്ടിയും അഡ്വ. രഞ്ജിത് കുമാർ എതിർ ഹരജിക്കാരനുവേണ്ടിയും സുപ്രീംകോടതിയിൽ ഹാജരായി. കർണാടക ഹൈകോടതിയിൽ നടക്കുന്ന കേസിൽ ആഗസ്റ്റ് 28ന് ഹരജി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

