കീടനാശിനി ദുരന്തം; മഹാരാഷ്ട്രയിൽ 14 കർഷകർ കൂടി ആശുപത്രിയിൽ
text_fieldsയവത്മാൽ: മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ യവത്മാലിൽ കീടനാശിനി ശ്വസിച്ച് അവശനിലയിൽ ആയ 14 കർഷകരെക്കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർ ജി.എം.സി ആശുപത്രിയിലും 12 പേർ സർക്കാർ ഗ്രാമീണ ആശുപത്രിയിലുമാണ്. വിഷലിപ്തമായ കീടനാശിനി ശ്വസിച്ച് ഒരുമാസത്തിനിടെ 20 കർഷകർ മരിക്കുകയും നൂറു കണക്കിനു പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 25ഒാളം പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.
സംഭവം അന്വേഷിക്കുന്ന ചീഫ് സെക്രട്ടറി സുധീർ ശ്രീവാസ്തവ ദുരന്തം നടന്ന കാലമ്പ് തെഹ്സിലിലെ സവർഗഢ് സന്ദർശിച്ച് കർഷകരുമായി സംസാരിച്ചു. മതിയായ മുൻകരുതലില്ലാതെ കീടനാശിനി വിതരണം ചെയ്ത ‘കൃഷിസേവ കേന്ദ്ര’ എന്ന സ്വകാര്യ സ്ഥാപനത്തിെൻറ ഉടമകൾക്കെതിരെ രണ്ട് കേസുകൾകൂടി രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് എം. രാജ്കുമാർ പറഞ്ഞു.
ഇരകൾക്ക് രണ്ട് ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കർഷക മരണം ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സംസ്ഥാന കൃഷിമന്ത്രി അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും 15 ദിവസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
കുറ്റക്കാരായ കമ്പനികളുടെ ലൈസൻസ് റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്. കർഷകരുടെ മരണത്തിനിടയാക്കിയ അപകടകാരിയായ കീടനാശിനിയുടെ വിൽപന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാറിന് ബോംബെ ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പരുത്തി കൃഷിയിടത്തിൽ സ്പ്രേ ചെയ്യവെയാണ് കീടനാശിനി ശ്വസിച്ച് കർഷകർ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
