വ്യക്തിസ്വാതന്ത്ര്യം ദേശസുരക്ഷയെ ആശ്രയിച്ച് –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ദേശസുരക്ഷയുടെ ആശങ്കയുമായി സന്തുലിതമാകേണ്ടത് ആവശ്യമാണെന്ന് സുപ്രീംകോടതി. കശ്മീരിൽ മാധ്യമങ്ങൾക്കും വാർത്തവിനിമയ സംവിധാനങ്ങൾക്കും കൂച്ചുവിലങ്ങിട്ട സർക്കാർ നടപടി ചോദ്യംചെയ്ത ഹരജിക്കാരെയാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷയായ ബെഞ്ച് വ്യക്തിസ്വാതന്ത്ര്യത്തിെൻറ പരിമിതി ഒാർമിപ്പിച്ചത്. ജമ്മു-കശ്മീർ അടച്ചുപൂട്ടി ഇരുമ്പുമറക്കുള്ളിലാക്കിയതിന് രണ്ടുമാസം തികയാനിരിക്കേ അതിനെതിരെ സമർപ്പിച്ച ഹരജികൾക്ക് മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി ഒരു മാസംകൂടി സമയം നീട്ടിനൽകുകയും ചെയ്തു.
മുതിർന്ന അഭിഭാഷകർ ഒന്നടങ്കം വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന മൂന്നംഗ ബെഞ്ച് ആഗസ്റ്റ് 28ന് അയച്ച നോട്ടീസിൽ മറുപടി നൽകാത്ത കേന്ദ്ര സർക്കാറിന് മറുപടി നൽകാൻ വീണ്ടുമൊരു നാലാഴ്ച കൂടി അനുവദിച്ചു. വാദം തുടങ്ങാൻ പറഞ്ഞ കേസിലാണ് കേന്ദ്രത്തിന് മറുപടിക്കായി വീണ്ടും സമയം നൽകുന്നതെന്ന് അഡ്വ. രാജു രാമചന്ദ്രൻ കുറ്റപ്പെടുത്തി.
ഒക്ടോബർ 31ന് ജമ്മു-കശ്മീർ വിഭജിച്ച നിയമം പ്രാബല്യത്തിലാകുന്നതോടെ ഇൗ ഹരജികൾ അസാധുവാകില്ലേ എന്ന അഭിഭാഷകെൻറ ചോദ്യത്തിന് കേന്ദ്രത്തിെൻറ മറുവാദമില്ലാതെ തങ്ങൾ എങ്ങനെ കേസ് കേൾക്കുമെന്നായിരുന്നു ജസ്റ്റിസ് ഗവായിയുടെ പ്രതികരണം. കേന്ദ്രവും ജമ്മു-കശ്മീരും എതിർസത്യവാങ്മൂലം സമർപ്പിക്കുന്നതു വരെ കാത്തിരുന്നേ തീരൂ എന്ന് ജസ്റ്റിസ് എൻ.വി. രമണയും മറുഭാഗത്തിെൻറ (സർക്കാറിെൻറ) ഭാഗം കേൾക്കാതെ മുന്നോട്ടുേപാകാനാകില്ലെന്ന് ആർ. സുഭാഷ് റെഡ്ഡിയും വ്യക്തമാക്കി.
ഏത് വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിലാണ് കശ്മീരിലെ വാർത്തവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചതെന്ന് കശ്മീർ ടൈംസിെൻറ അനുരാധ ഭാസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവർ ചോദിച്ചു. അതിനുള്ള യുക്തമായ കാരണം കേന്ദ്രം നേരത്തേ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടെന്നായിരുന്നു എസ്.ജി. തുഷാർ മേത്തയുടെ മറുപടി. ഇത്രയും ദിവസമായിട്ടും തുടരുന്ന നിയന്ത്രണങ്ങൾ ഒാർമിപ്പിച്ച ഹരജിക്കാരിെലാരാൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ, കശ്മീർ സാധാരണ നിലയിൽനിന്ന് വളരെ വിദൂരത്താണെന്ന് ഒാർമിപ്പിച്ചു. സ്വാതന്ത്ര്യമെന്നത് കേവലം ജീവെൻറ നിലനിൽപല്ലെന്നും പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യത്തിെൻറ ഭാഗമാണെന്നും ഹെഗ്ഡെ വാദിച്ചു.
ഇൗ സമയത്ത് ഇടപെട്ട ജസ്റ്റിസ് ബി.ആർ. ഗവായി വ്യക്തിസ്വാതന്ത്ര്യം ദേശസുരക്ഷയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഒാർമിപ്പിച്ചു. വ്യക്തിയുടെ സ്വാതന്ത്ര്യം ദേശസുരക്ഷയുടെ ആശങ്കയുമായി സന്തുലിതപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ഗവായി കൂട്ടിച്ചേർത്തു. മൗലികാവകാശങ്ങൾ പരവതാനിക്ക് അടിയിൽ മൂടിവെക്കാൻ സാധിക്കുമോ എന്ന് മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ചോദിച്ചപ്പോൾ ബെഞ്ച് പ്രതികരിച്ചില്ല. നവംബർ 14ന് കേസ് കേൾക്കാമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ വളരെ യാഥാർഥ്യബോധത്തോടെയുള്ള സമയപരിധി എന്ന് സോളിസിറ്റർ ജനറൽ ജഡ്ജിമാരെ പ്രശംസിച്ചു. എങ്കിൽ ജനുവരിയിലേക്ക് വെച്ചേക്കൂ എന്ന് ഇത് കേട്ട അഭിഭാഷകരിെലാരാൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
