പെരിയാർ വിരുദ്ധ പരാമർശം: സീമാന്റെ വീടിനുമുന്നിൽ പ്രതിഷേധം
text_fieldsസീമാനെതിരെ പെരിയാർ അനുകൂല സംഘടനകൾ പ്രതിഷേധിക്കുന്നു
ചെന്നൈ: സാമൂഹിക പരിഷ്കർത്താവും ദ്രാവിഡകഴകം സ്ഥാപകനുമായ പെരിയാറിനെതിരെ വിവാദ പരാമർശം നടത്തിയ നാം തമിഴർ കക്ഷി (എൻ.ടി.കെ) പ്രസിഡന്റ് സീമാനെതിരെ പെരിയാർ അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്.
ബുധനാഴ്ച രാവിലെ പെരിയാറിസ്റ്റ് സംഘടനാ പ്രവർത്തകർ ചെന്നൈ നീലാങ്കരയിലെ സീമാന്റെ വസതിയിലേക്ക് മാർച്ച് നടത്തി. ഇവർ സീമാന്റെ കോലവും പടങ്ങളും കത്തിച്ചു. ഇവരെ നേരിടാൻ സീമാൻ അനുകൂലികളും തടിച്ചുകൂടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
പെരിയാറിനെതിരെ ദിവസങ്ങളായി രൂക്ഷ വിമർശനങ്ങളാണ് സീമാൻ ഉന്നയിക്കുന്നത്. തമിഴ് സംസ്കാരത്തെ വിമർശിക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവിധത്തിലും സാമൂഹികനീതിക്കെതിരായും പെരിയാർ പ്രവർത്തിച്ചിരുന്നതായാണ് സീമാന്റെ പ്രസ്താവന.
പെരിയാറിന്റെ ആശയാദർശങ്ങളുയർത്തിയാണ് സീമാൻ ഇതുവരെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. നിലവിൽ പെരിയാറിസ്റ്റ് പ്രത്യയശാസ്ത്രത്തില്നിന്ന് മാറി ആർ.എസ്.എസ്- ബി.ജെ.പിയുമായി കൂടുതൽ അടുക്കുന്നതിനാണ് സീമാന്റെ നീക്കമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സീമാനെ പിന്തുണച്ച് ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തെത്തിയതും ഈ പ്രചാരണത്തിന് ആക്കംകൂട്ടി.
സീമാന്റെ പെരിയാർ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളും രജിസ്റ്റർ ചെയ്തു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഈറോഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി- അണ്ണാ ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചപ്പോൾ സീമാന്റെ നാം തമിഴർ കക്ഷി മത്സര രംഗത്തിറങ്ങിയിട്ടുണ്ട്.
ഡി.എം.കെയുടെ വി.സി. ചന്ദ്രകുമാറിനെതിരെ നാം തമിഴർ കക്ഷിയുടെ എം.കെ. സീതാലക്ഷ്മിയാണ് മുഖ്യ എതിർസ്ഥാനാർഥി. പ്രതിപക്ഷ വോട്ടുകൾ തന്റെ പാർട്ടി സ്ഥാനാർഥിക്ക് അനുകൂലമായി ലഭിക്കുമെന്നാണ് സീമാന്റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

