പ്രളയ ബാധിത സംസ്ഥാനങ്ങൾക്കായി പി.എം കെയഴ്സ് ഫണ്ടിന്റെ വാതിലുകൾ മോദി തുറക്കുമോ?; വിഷയം ഉന്നയിച്ച് ഖാർഗെ
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ സ്ഥിതിഗതികൾ ഉന്നയിച്ച് മോദി സർക്കാറിനെ ആക്രമിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പി.എം കെയഴ്‌സ് ഫണ്ടിലെ ‘പ്രളയ ജാലകങ്ങൾ’ തുറക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി മോദി 2016ൽ അസമിനെ വെള്ളപ്പൊക്ക രഹിതമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാറുകൾ അസമിനെ വഞ്ചിച്ചു. വടക്കുകിഴക്കൻ മേഖല വിനാശകരമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കനത്ത മഴ എന്നിവയിൽ വലയുകയാണെന്നും അദ്ദേഹം ‘എക്‌സി’ലെ പോസ്റ്റിൽ വിമർശിച്ചു.
അസം, അരുണാചൽ, മണിപ്പൂർ, സിക്കിം, മേഘാലയ എന്നിവ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങളാണ്. അവിടെ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സഹായം നൽകാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സാധ്യമായതെല്ലാം ചെയ്യണമെന്നും ഖാർഗെ പറഞ്ഞു.
‘2016ൽ ബി.ജെ.പി വെള്ളപ്പൊക്ക രഹിത അസം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2022ൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വാഗ്ദാനം ആവർത്തിച്ചു. സ്മാർട്ട് സിറ്റി എന്ന് വിളിക്കപ്പെടുന്ന ഗുവാഹത്തിയിൽ നിന്നുള്ള ദൃശ്യങ്ങൾ നോക്കുമ്പോൾ മോദിജിയും അദ്ദേഹത്തിന്റെ ഇരട്ട എൻജിൻ സർക്കാറുകളും അസമിനെ വഞ്ചിച്ചുവെന്നാണ് തോന്നുന്നത്’- ഖാർഗെ തന്റെ പോസ്റ്റിൽ പറഞ്ഞു.
അടിസ്ഥാന വികസന വിഷയങ്ങളിൽ നിന്ന് വൈകാരികവും ധ്രുവീകരണപരവുമായ വിഷയങ്ങളിലേക്ക് വഴിതിരിച്ചുവിടൽ, ശ്രദ്ധ തിരിക്കൽ, വ്യതിചലനം എന്നിവയാണ് ബി.ജെ.പിയുടെ രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്നും കോൺഗ്രസ് മേധാവി പറഞ്ഞു.
മോദി സർക്കാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് അസമിന് വെള്ളപ്പൊക്ക തയ്യാറെടുപ്പിനായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ മോദിജിക്ക് പൊതു ഓഡിറ്റ് ഇല്ലാതെ തന്നെ കോടിക്കണക്കിന് രൂപ പി.എം കെയഴ്‌സ് ഫണ്ടിൽനിന്ന് വെള്ളപ്പൊക്ക കവാടങ്ങളിലേക്ക് തുറക്കാൻ കഴിഞ്ഞേക്കും -പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, മണിപ്പൂർ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ഉണ്ടായ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക സ്ഥിതി ഗുരുതരമാണ്.
അസമിൽ മാത്രം ഇതുവരെ പത്തു പേർ മരിച്ചു. നാലു ലക്ഷത്തിലധികം പേർ അതിന്റെ കെടുതികളിലാണ്. 20 ലധികം ജില്ലകളെ പ്രളയം ബാധിച്ചു. ഏഴു പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നു. സംസ്ഥാനത്തും അയൽ പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴ കാരണം താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരുടെ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

