രാജീവ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളൻ ഇനി അഭിഭാഷകൻ
text_fieldsചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാല് വർഷം മുമ്പ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. മൂന്ന് ദശാബ്ദക്കാലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18നാണ് മോചിതനായത്. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീംകോടതിയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്. തുടർന്ന് ബംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ ലോ കോളജിൽ ചേർന്ന് 2025ൽ പഠനം പൂർത്തിയാക്കി. തുടർന്ന് ദേശീയ ബാർ പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മദ്രാസ് ഹൈകോടതി ഓഡിറ്റോറിയത്തിൽ തമിഴ്നാട്- പുതുച്ചേരി ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് ചടങ്ങിലാണ് ഇദ്ദേഹം എൻറോൾ ചെയ്തത്.
1991ൽ 19 വയസ്സ് പ്രായമുള്ളപ്പോഴാണ് രാജീവ്ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലായത്. സ്ഫോടകവസ്തുവിനുവേണ്ടി ഒമ്പത് വോൾട്ട് ബാറ്ററി കൈമാറിയതും ഗൂഢാലോചനയുമായിരുന്നു കുറ്റം. മാതാവ് അർപുതമ്മാൾ പേരറിവാളന്റെ ജയിൽമോചനത്തിനായി വർഷങ്ങളോളം നീണ്ട തളരാത്ത പോരാട്ടമാണ് നടത്തിയത്. തന്റെ കേസുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടമാണ് നിയമം പഠിക്കാൻ പ്രേരിപ്പിച്ചതെന്ന് പേരറിവാളൻ പറഞ്ഞു.
നിയമസഹായം ലഭ്യമാവാതെ ജയിലുകളിൽ കഴിയുന്ന തടവുകാരെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈ കേന്ദ്രമായി മദ്രാസ് ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യാനാണ് 54കാരനായ പേരറിവാളന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

