ജനങ്ങൾ എൻ.ഡി.എയിൽ മൂന്നാമതും വിശ്വാസമർപ്പിച്ചു; ചരിത്ര നിമിഷമെന്ന് മോദി
text_fieldsന്യൂഡൽഹി: ജനങ്ങൾ എൻ.ഡി.എയിൽ മൂന്നാമതും വിശ്വാസമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്നും മോദി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിവരുന്ന നല്ല പ്രവർത്തനങ്ങൾ തുടരും. ഇന്ത്യ ജനതക്ക് മുന്നിൽ തലകുനിക്കുകയാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്നും മോദി എക്സിൽ കുറിച്ചു.മുഴുവൻ സംഘപരിവാർ പ്രവർത്തകരേയും സല്യൂട്ട് ചെയ്യുകയാണ്. വാക്കുകൾ കൊണ്ട് അവർ ചെയ്ത പ്രവർത്തനങ്ങൾക്ക് നന്ദി പറയാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പിലും മിന്നിത്തിളങ്ങിയ മോദി പ്രഭാവത്തിന് ഇത്തവണ മങ്ങലേറ്റപ്പോൾ ഉദിച്ചുയർന്നത് രാഹുൽ ഗാന്ധി. കഴിഞ്ഞ തവണ വരാണസി മണ്ഡലത്തിൽനിന്ന് 4,79,505 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ മോദിയുടെ ഭൂരിപക്ഷം കുറയാതിരിക്കാൻ ഇത്തവണ പ്രവർത്തകർ ആഞ്ഞു ശ്രമിച്ചെങ്കിലും 1,52,513 ആയി കുത്തനെ കുറഞ്ഞു.
ഒരു ഘട്ടത്തിൽ ആറായിരത്തിലധികം വോട്ടിന് മോദി പിറകിൽ പോവുക പോലുമുണ്ടായി. മോദി 6,12,970 വോട്ട് നേടിയപ്പോൾ മുഖ്യ എതിരാളി കോൺഗ്രസിലെ അജയ് റായ് 4,60,457 വോട്ട് പിടിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാൾ എതിരാളിയായി എത്തിയപ്പോൾ പോലും മോദി 3,71,784 വോട്ടിന്റെ മൂൻതൂക്കം മണ്ഡലത്തിൽ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

