ബന്ധുക്കളെ യാത്രയാക്കാൻ വന്ദേ ഭാരതിൽ കയറി; സഞ്ചരിക്കേണ്ടി വന്നത് 140 കിലോമീറ്റർ; ഒടുവിൽ 36,000 രൂപ പിഴയും!
text_fieldsപ്രതീകത്മക ചിത്രം
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെ യാത്രയാക്കാൻ വന്ദേ ഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 പേർക്ക് കിട്ടിയത് എട്ടിന്റെ പണി. ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഉള്ളിൽ കുടുങ്ങിപ്പോയ ഇവർക്ക് 140 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരികയും, ഒടുവിൽ 36,000 രൂപ പിഴയൊടുക്കേണ്ടി വരികയും ചെയ്തു. വാരാണസി - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസിലാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. കാൺപൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 പേർ, യാത്രക്കാരായ തങ്ങളുടെ കുടുംബാംഗങ്ങളെ സീറ്റുകളിൽ ഇരുത്താനും ലഗേജുകൾ വെക്കാനും സഹായിക്കുന്നതിനായാണ് ട്രെയിനിനുള്ളിൽ കയറിയത്. എന്നാൽ ഇവർ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞു. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമേ ഈ വാതിലുകൾ തുറക്കുകയുള്ളൂ എന്നതിനാൽ ഇവർക്ക് കാൺപൂർ സെൻട്രലിൽ ഇറങ്ങാനായില്ല. നിമിഷങ്ങൾക്കകം ട്രെയിൻ സ്റ്റേഷൻ വിട്ടതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 12 അംഗ സംഘം ഉള്ളിൽ കുടുങ്ങുകയും, പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ബന്ധുക്കൾ ആശങ്കയിലാവുകയും ചെയ്തു.
ട്രെയിൻ ഇറ്റാവയിൽ നിർത്തി; ആർ.പി.എഫും ജി.ആർ.പിയും ചേർന്ന് പുറത്തിറക്കി
ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ഉള്ളിൽ കുടുങ്ങിയവർ വാതിൽ തുറക്കാൻ ജീവനക്കാരോട് അഭ്യർത്ഥിക്കുകയും ചിലർ പ്രതിഷേധിക്കുകയും ചെയ്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സുരക്ഷാ മാനദണ്ഡങ്ങളും സാങ്കേതിക നിയന്ത്രണങ്ങളും ഉള്ളതിനാൽ വാതിലുകൾ ഉടൻ തുറക്കാൻ സാധിക്കില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് ജീവനക്കാർ തുണ്ട്‌ല റെയിൽവേ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. കൺട്രോൾ റൂമിന്റെ നിർദ്ദേശപ്രകാരം ഞായറാഴ്ച രാവിലെ 10.49-ഓടെ ട്രെയിൻ ഇറ്റാവ ജംഗ്ഷനിൽ നിർത്തി. സ്റ്റേഷൻ സൂപ്രണ്ട് പി.എം. മീണ, ആർ.പി.എഫ് ഇൻസ്പെക്ടർ ദിനേശ് കുമാർ സിംഗ്, ജി.ആർ.പി ഇൻസ്പെക്ടർ യദുവീർ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമെത്തി 12 പേരെയും സുരക്ഷിതമായി പുറത്തിറക്കി.
ആളൊന്നിന് 3,000 രൂപ വീതം പിഴ; താക്കീത് നൽകി വിട്ടയച്ചു
പുറത്തിറക്കിയ 12 പേരെയും ആർ.പി.എഫ് പോസ്റ്റിലേക്ക് കൊണ്ടുപോയി റെയിൽവേ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. സാധുവായ ടിക്കറ്റോ അനുമതിയോ ഇല്ലാതെ ട്രെയിനിൽ പ്രവേശിച്ചതിനും റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനും കൊമേഴ്സ്യൽ വിഭാഗം നടപടിയെടുത്തു. ഒരാൾക്ക് 3,000 രൂപ വീതം 12 പേരിൽ നിന്നായി ആകെ 36,000 രൂപ പിഴ ഈടാക്കി. ഇനി മുതൽ സാധുവായ ടിക്കറ്റില്ലാതെ ട്രെയിനുകളിൽ കയറരുതെന്ന് കർശന താക്കീത് നൽകിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. വന്ദേ ഭാരത് പോലുള്ള ട്രെയിനുകളിൽ യാത്രാ-ബോർഡിംഗ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്.

