Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഉൽപ്പാദനം കുറയുമ്പോൾ...

'ഉൽപ്പാദനം കുറയുമ്പോൾ ഇറക്കിവിടാം, വിശക്കുന്നവൻ ഭക്ഷണമാക്കിയാൽ വികാരം വ്രണപ്പെടും'- ഇരട്ടത്താപ്പെന്ന് സുപ്രീംകോടതി

text_fields
bookmark_border
ഉൽപ്പാദനം കുറയുമ്പോൾ ഇറക്കിവിടാം, വിശക്കുന്നവൻ ഭക്ഷണമാക്കിയാൽ വികാരം വ്രണപ്പെടും- ഇരട്ടത്താപ്പെന്ന് സുപ്രീംകോടതി
cancel

ന്യൂഡല്‍ഹി: സമൂഹത്തില്‍ കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി. സാമ്പത്തിക പ്രയോജനം കുറയുമ്പോള്‍ ആളുകള്‍ മൃഗങ്ങളെ ഉപേക്ഷിക്കുകയും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലാതെ റോഡുകളില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതേസമയം, ആ മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ ആളുകള്‍ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തെരുവ് കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള വിഷയം പരിശോധിക്കവെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കോടതി ഈ പരാമര്‍ശം നടത്തിയത്.

മൃഗങ്ങളെ വളര്‍ത്താന്‍ തീരുമാനിക്കുന്ന ഉടമസ്ഥര്‍ അവയുടെ ആയുസ്സ് മുഴുവന്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. "ഒരു വശത്ത് അവയുടെ സുരക്ഷയെക്കുറിച്ച് വ്യാകുലപ്പെടാതെ നമ്മള്‍ അവയെ അലഞ്ഞുതിരിയാന്‍ വിടുന്നു. മറു വശത്ത് തനിക്കോ തന്റെ കുടുംബത്തിനോ വയറുനിറയ്ക്കാന്‍ ഒരാള്‍ അവയെ ഉപയോഗിച്ചാല്‍ അത് കടുത്ത വികാരപ്രകടനങ്ങള്‍ക്ക് കാരണമാകുന്നു."- എന്ന് കോടതി പറഞ്ഞു.

വളര്‍ത്തുമൃഗങ്ങളും മറ്റ് മൃഗങ്ങളും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു. റോഡുകളിലും ഹൈവേകളിലും അലഞ്ഞുതിരിയുന്ന ഭൂരിഭാഗം കന്നുകാലികളും നിര്‍ദ്ദിഷ്ട സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വളര്‍ത്തുന്നവയാണ്. ആ ആവശ്യം നിറവേറ്റപ്പെടുകയോ അല്ലെങ്കില്‍ ഉല്‍പ്പാദനക്ഷമത കുറയുകയോ ചെയ്യുമ്പോള്‍ അവയെ ക്രൂരമായി ഉപേക്ഷിക്കുകയാണ് പതിവ്. ഉല്‍പ്പാദനശേഷി ഇല്ലാതാകുമ്പോൾ കന്നുകാലികളെ സംരക്ഷിക്കാൻ പല കർഷകർക്കും ഡയറി ഉടമകൾക്കും സാമ്പത്തിക ശേഷിയില്ലെന്ന് കോടതി അംഗീകരിച്ചെങ്കിലും, ഉപേക്ഷിക്കുന്നത് ഇതിനുള്ള പരിഹാരമല്ലെന്ന് ഓർമ്മിപ്പിച്ചു. ഉടമകൾ അവയെ അംഗീകൃത ഷെൽട്ടറുകളിലേക്ക് സുരക്ഷിതമായി മാറ്റുന്നുവെന്ന് ഉറപ്പാക്കണം. 24 സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമങ്ങൾ ഉണ്ടെങ്കിലും സംരക്ഷണ വ്യവസ്ഥകൾ കൃത്യമായി നടപ്പിലാക്കുന്നില്ലെന്നും വിധിയിൽ ചൂണ്ടിക്കാണിക്കുന്നു.

2007-ല്‍ പഞ്ചാബിലെ സങ്രൂരില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യ നല്‍കിയ നഷ്ടപരിഹാര ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണായക വിധി. ഹര്‍ജി അനുവദിച്ച കോടതി, 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തെരുവ് കന്നുകാലികള്‍ പൊതുനിരത്തുകളില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചയിലേക്ക് കടക്കുകയും ചെയ്തു. കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പൊതുജന സുരക്ഷാ ഭീഷണിയാണെന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘ദേശീയ പാതകളിലും മറ്റ് റോഡുകളിലും തെരുവുകളിലും വഴിയെ പോകുന്നവര്‍ക്ക് തടസ്സമായി വെക്കാന്‍ നിര്‍മ്മിച്ചിട്ടുള്ള നാച്ചുറല്‍ സ്പീഡ് ബ്രേക്കറുകള്‍ അല്ല കന്നുകാലികള്‍’ എന്ന് വ്യക്തമാക്കിയ കോടതി, സമീപവര്‍ഷങ്ങളില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ പ്രതിവര്‍ഷം 1,300-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.

ഈ ഗുരുതര പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായി സുപ്രീം കോടതി നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. നിലവിലുള്ള കന്നുകാലി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, തെരുവ് കന്നുകാലികൾ മൂലം അപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള സംവിധാനം ഉണ്ടാക്കുക, കന്നുകാലികൾക്ക് നിർബന്ധിത ടാഗിങ് ഏർപ്പെടുത്തുക, ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ ഷെൽട്ടറുകളിൽ സുരക്ഷിതമായി എത്തിക്കാൻ ഉടമകളെ ഉത്തരവാദികളാക്കുക, ടാഗിങ്, ഡിജിറ്റൽ രേഖകൾ, മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവ മേൽനോട്ടം വഹിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കോടതി നൽകിയത്. ഈ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനായി വിധിയുടെ പകർപ്പ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ചുനൽകാനും കോടതി ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supream courtcattleindian judiciaryAnimal Welfare
News Summary - 'ഉൽപ്പാദനം കുറയുമ്പോൾ റോഡിലേക്കിറക്കിവിടാം, വിശക്കുന്നവൻ ഭക്ഷണമാക്കിയാൽ വികാരം വ്രണപ്പെടും'; ഇരട്ടത്താപ്പെന്ന് സുപ്രീംകോടതി
Next Story