പെന്നാർ നദീജലതർക്കം: വാദംകേൾക്കുന്നതിൽനിന്ന് സുപ്രീംകോടതി ബെഞ്ച് പിന്മാറി
text_fieldsബംഗളൂരു: പെന്നൈയാർ നദിയിലെ (പെന്നാർ നദി) നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്നാടും തമ്മിലുള്ള തർക്കകേസ് കേൾക്കുന്നതിൽനിന്ന് സുപ്രീം കോടതി ബെഞ്ച് പിന്മാറി. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദ്രേഷ് എന്നിവരാണ് പിന്മാറിയത്.ജസ്റ്റിസ് ബൊപ്പണ്ണ കർണാടക സ്വദേശിയും സുന്ദ്രേഷ് തമിഴ്നാട് സ്വദേശിയുമാണ്. കർണാടകക്കെതിരെ തമിഴ്നാട് നൽകിയ കേസ് കേൾക്കാനായി ഉചിതമായ ബെഞ്ച് രൂപവത്കരിക്കണമെന്ന് ഇവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
കർണാടക കോലാർ ജില്ലയിലെ യർഗോൾ ഗ്രാമത്തിനു സമീപം മാർകണ്ഡേയ നദിയിൽ കർണാടക ഡാം നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജലതർക്കം ഉയർന്നുവന്നത്.-കോലാർ, മലൂർ, ബങ്കാർപേട്ട് താലൂക്കുകളിൽ കുടിവെള്ളമെത്തിക്കാനാണ് ഡാം എന്നാണ് കർണാടക പറയുന്നത്. 240 കോടി രൂപ ചെലവിൽ ഡാം നിർമിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതിയും കർണാടക നേടിയിട്ടുണ്ട്. എന്നാൽ, തമിഴ്നാട് ഇതിനെ എതിർക്കുകയാണ്. മാർകണ്ഡേയ നദി, പെന്നൈയാർ നദിയുടെ കൈവഴിയാണ്. അവിടെ കർണാടക ഡാം പണിതാൽ തമിഴ്നാട്ടിലേക്കുള്ള ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടും.
പെന്നൈയാർ നദിയെ കുടിവെള്ളത്തിനും ജലസേചനത്തിനുമായി തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്. ഡാം വരുന്നതോടെ ഇവിടങ്ങളിലെ ജനങ്ങൾക്ക് അത് വൻ ദുരിതമാകും. ഡാം പണിയുന്നത് അന്തർസംസ്ഥാന ജലതർക്ക നിയമത്തിന്റെ ലംഘനമാണെന്നും തമിഴ്നാട് വാദിക്കുന്നു.
തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ട്രൈബ്യൂണൽ രൂപവത്കരിക്കില്ലെന്നും പകരം ചർച്ചചെയ്ത് ഇരുകൂട്ടർക്കും തൃപ്തികരമായ തീരുമാനത്തിലെത്തണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. വിഷയത്തിൽ അന്തർസംസ്ഥാന ജലതർക്ക ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജലതർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് കർണാടകയുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

