‘കള്ളംപറയുന്നത് നിർത്തൂ...’; പെല്ലറ്റ് കൊണ്ട് പരിക്കേറ്റ യുവാവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി രാഹുൽ, സർക്കാറും പൊലീസും പ്രതിരോധത്തിൽ
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിനുനേരെയുള്ള പൊലീസ് അതിക്രമത്തിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റ യുവാവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ കള്ളംപറയുന്നത് നിർത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കുനേരെയുള്ള നടപടിക്കിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന പൊലീസ്-സർക്കാർ വാദങ്ങളുടെ മുനയൊടിക്കുകയാണ് രാഹുൽ ചെയ്തത്.
കഴിഞ്ഞ 20ന് ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയായിരുന്നു ഡൽഹി പൊലീസ് പെല്ലറ്റ് ഉപയോഗിച്ചത്. പെല്ലറ്റ് കൊണ്ട് പരിക്കേറ്റ് ചികിത്സ തേടിയ വിദ്യാർഥികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ സർക്കാറും പൊലീസും പ്രതിരോധത്തിലായി. പ്രതിഷേധത്തിനിടെ പരിക്കേറ്റ 19 വയസ്സുകാരനായ സാഹിൽ ലോചാബ് എന്ന വിദ്യാർഥിയെ അരികിൽനിർത്തിയാണ് രാഹുൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
‘സാഹിലിന്‍റെ മുഖത്തും ശരീരത്തിലും പെല്ലറ്റ് കൊണ്ട് മുറിവേറ്റത് കാണാനാകും. പെല്ലറ്റുകൾ ഉതിർത്തിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ ഇതാ അതിന്റെ തെളിവ്’ -സാഹിലിന്റെ ടീ-ഷർട്ട് ഉയർത്തി മുഖത്തും കൈയിലും ശരീരത്തിന്റെ മുകൾഭാഗത്തുമുള്ള മുറിവുകൾ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. സർക്കാർ കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ ഭാവിക്കു നേരെയാണ് അവർ വെടിയുതിർത്തതെന്നും രാഹുൽ വ്യക്തമാക്കി. ഡൽഹി യൂനിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്സിലെ അവസാന വർഷ വിദ്യാർഥിയാണ് സാഹിൽ. ദേശീയ പതാക വീശുന്നതിനിടയിലാണ് തന്‍റെ സഹോദരന് പെല്ലറ്റ് കൊണ്ട് മുറിവേറ്റത്. പെല്ലറ്റ് കണ്ണിൽ തട്ടിയതിനെ തുടർന്ന് അവന്റെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണ്. അവന് കാഴ്ച തിരികെ ലഭിക്കുമോ എന്ന് ഉറപ്പില്ലെന്നും രാഹുൽ പറഞ്ഞു.
തലസ്ഥാനത്തെ നജഫ്ഗഡ് സ്വദേശിയായ സാഹിലിന് ഡൽഹി പൊലീസിൽ ചേരാനായിരുന്നു ആഗ്രഹം. മകന്‍റെ വലതുകണ്ണിലും ശരീരത്തിന്റെ മുകൾഭാഗത്തും പെല്ലറ്റുകൾ തുളച്ചുകയറിയതായി മാകാവ് ജ്യോതി വെളിപ്പെടുത്തി. എയിംസ് ട്രോമ സെന്ററിൽ സാഹിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡൽഹി പൊലീസിൽ ചേരാൻ ആഗ്രഹിച്ച സാഹിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്കായി തയാറെടുക്കുകയായിരുന്നു.
‘സമാധാനപരമായി പ്രതിഷേധിച്ചതിന് സാഹിലിനെപ്പോലുള്ള ആയിരക്കണക്കിന് യുവാക്കളെയാണ് പൊലീസ് ആക്രമിക്കുകയും തല്ലിച്ചതക്കുകയും ചെയ്തത്. അവരുടെ തെറ്റ് എന്തായിരുന്നു? അവരുടെ പരീക്ഷാ ചോദ്യപേപ്പർ ചോർന്നു, അതിന് ഉത്തരവാദിയായ മന്ത്രിയെ പുറത്താക്കണമെന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടത്’ -സാഹിലിന്റെ തോളിൽ കൈവെച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
നമ്മുടെ ഭാവിക്കു നേരെ വെടിയുതിർക്കുകയും ലാത്തി വീശുകയും ചെയ്തവർ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടണം. സാഹിലിനെപ്പോലുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ തല്ലിച്ചതച്ചവർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സാഹിലിനെപ്പോലുള്ള ഇരകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും രാഹുൽ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

