പെല്ലെറ്റ് തോക്കുകൾ നിരോധിക്കണം: സുപ്രീം കോടതിയിൽ ഹരജിയുമായി മുൻ ഐ.ബി ഡയറക്ടറും ഇരകളും
text_fieldsന്യൂഡൽഹി: ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പെല്ലെറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. മുൻ ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറും ഡൽഹിയിൽ ജൂലൈ 20ന് നടന്ന 'ചലോ സൻസദ്' പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ഇരകളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. പെല്ലെറ്റ് തോക്കുകളുടെ ഉപയോഗം വിവേചനരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പൊതുതാൽപര്യ ഹരജിയിൽ ചൂണ്ടിക്കാട്ടി.
1976 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ പൊലീസ് മെഡൽ ജേതാവുമായ യശോധർദ്ധൻ ആസാദും, ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ മാർച്ചിൽ പരിക്കേറ്റ പ്രശാന്ത് കുമാർ സിങ്, ഷെയ്ഖ് ഇഷാദ് മൻസൂരി എന്നിവരുമാണ് ഹരജിക്കാർ. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ മെറ്റാലിക് പെല്ലെറ്റുകൾ അടങ്ങിയ പമ്പ്-ആക്ഷൻ ഗണ്ണുകളും പ്രൊജക്ടൈൽ ആക്ഷൻ ഗണ്ണുകളും ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. കൂടാതെ, ജൂലൈ 20ലെ പൊലീസ് നടപടിയിൽ പരിക്കേറ്റവർക്ക് മാതൃകാപരമായ നഷ്ടപരിഹാരവും വിദഗ്ദ്ധ ചികിത്സയും പുനരധിവാസവും ഉറപ്പാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വെടിയുണ്ടകളിൽ നിന്ന് വ്യത്യസ്തമായി പെല്ലെറ്റുകൾ വിശാലമായ പ്രദേശത്തേക്ക് ചിതറിത്തെറിക്കുകയും പ്രതലങ്ങളിൽ തട്ടി ദിശമാറുകയും ചെയ്യുമെന്നും, ഇത് ആരെയാണ് ബാധിക്കുകയെന്ന് മുൻകൂട്ടി കാണാൻ കഴിയില്ലെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. ശരീരത്തിന്റെ പ്രധാന ഭാഗങ്ങൾ ലക്ഷ്യമിടാതിരുന്നാൽ പോലും കണ്ണിനും മറ്റ് അവയവങ്ങൾക്കും ഗുരുതരമായി പരിക്കേൽക്കാൻ പെല്ലെറ്റുകൾ കാരണമാകുന്നുണ്ട്. ജമ്മു കശ്മീരിലും മണിപ്പൂരിലും സമാനമായ രീതിയിൽ പെല്ലെറ്റ് ഗണ്ണുകൾ ഉപയോഗിച്ചപ്പോൾ ഗുരുതരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.
പെല്ലെറ്റ് തോക്കുകളുടെ ഉപയോഗം ഭരണഘടന ഉറപ്പുനൽകുന്ന സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹരജിക്കാർ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനക്കൂട്ട നിയന്ത്രണ മാർഗനിർദ്ദേശങ്ങളിലോ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക പ്രോട്ടോക്കോളുകളിലോ മെറ്റാലിക് പെല്ലെറ്റുകൾ ഗൺ ഉപയോഗത്തിന് യാതൊരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

