ഇന്ത്യ-ചൈന ബന്ധത്തിൽ സുസ്ഥിരത വേണം; അതിന് അതിർത്തിയിൽ സമാധാനവും ശാന്തിയും അത്യാവശ്യം -എസ്. ജയശങ്കർ
text_fieldsലണ്ടൻ: ഇന്ത്യ-ചൈന ബന്ധത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ താൽപര്യങ്ങൾ ബഹുമാനിക്കപ്പെടുകയാണെങ്കിൽ ചൈനയുമായി സുസ്ഥിരമായ ബന്ധം ആവാമെന്ന് ജയശങ്കർ വ്യക്തമാക്കി. ലണ്ടനിലെ സ്വതന്ത്ര നയ വിശദീകരണ സ്ഥാപനമായ ചതം ഹൗസിൽ നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യ-ചൈന ബന്ധത്തെ കുറിച്ച് ജയശങ്കർ വിശദീകരിച്ചത്.
ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വളരാൻ അതിർത്തിയിൽ സമാധാനവും ശാന്തിയും അത്യാവശ്യമാണ്. സുസ്ഥിരമായ സന്തുലിതാവസ്ഥ എങ്ങനെ സൃഷ്ടിക്കാം എന്നതാണ് സുപ്രധാന പ്രശ്നം. ഇരുരാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന സുസ്ഥിര ബന്ധം വേണം. അതാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലെ പ്രധാന വെല്ലുവിളി. അതിർത്തി അസ്ഥിരമാണെങ്കിൽ, സമാധാനവും ശാന്തിയും ഇല്ലെങ്കിൽ ബന്ധത്തിന്‍റെ പുരോഗതിയെയും ദിശയെയും പ്രതികൂലമായി ബാധിക്കുമെന്നും എസ്. ജയശങ്കർ ചൂണ്ടിക്കാട്ടി.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിന് പ്രത്യേക സാഹചര്യം ഉണ്ടായിരുന്നു. 2020ൽ ചൈന യഥാർഥ നിയന്ത്രണരേഖയിൽ (എൽ.എ.സി) എന്താണ് ചെയ്തത്. അതിന് ശേഷമുള്ള സാഹചര്യമാണ് ബന്ധത്തിൽ മാറ്റം വന്നതിന്‍റെ പശ്ചാത്തലം.
2024ൽ വിന്യസിച്ചിരുന്ന സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ നിരവധി അടിയന്തര പ്രശ്നങ്ങൾക്കും തീർപ്പാകാതെ ഇരുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങുമായി കസാനിൽവച്ച് കൂടിക്കാഴ്ച നടത്തി. ചൈനീസ് വിദേശകാര്യ മന്ത്രി യാങ് വിയുമായി താൻ ചർച്ച നടത്തുകയും ദേശീയ സുരക്ഷ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ചൈന സന്ദർശിക്കുകയും ചെയ്തു.
കൈലാസ തീർഥാടനം പുനരാരംഭിക്കൽ, ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ്, പത്രപ്രവർത്തകരുടെ പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ചയിലാണ്. കൂടാതെ, മറ്റ് ചില പ്രശ്നങ്ങളുമുണ്ട്. അതിർത്തി കടന്നൊഴുകുന്ന നദികളുടെ കാര്യത്തിൽ ഒരു സംവിധാനം ഇരുരാജ്യങ്ങൾക്കിടയിൽ നിലവിൽ ഉണ്ടായിരുന്നു. 2020ന് ശേഷം ബന്ധം മോശമായതോടെ ആ സംവിധാനം നിലച്ചു. അത് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, അക്കാര്യം ബുദ്ധിമുട്ടാണ്. പരിശ്രമങ്ങൾ തുടരുകയാണെന്നും കാത്തിരുന്നു കാണാമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

