Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
India-chuina foreign ministers meet
cancel
Homechevron_rightNewschevron_rightIndiachevron_right'അതിർത്തി...

'അതിർത്തി സംഘർഷഭരിതമായിരിക്കുമ്പോൾ സമാധാനം സാധ്യമല്ല'; അതിർത്തി വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ

text_fields
bookmark_border
Listen to this Article

ന്യൂഡൽഹി: പരസ്പര ബന്ധം പഴയപടിയാക്കാനുള്ള ശ്രമത്തിൽ ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ നടത്തിയ ചർച്ച കാര്യമായ ഫലം ചെയ്തില്ല. അതിർത്തിയിൽ അസാധാരണ സാഹചര്യം നിലനിന്നാൽ ബന്ധം സാധാരണ നിലയിലാവില്ലെന്ന നിലപാട് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.

എന്നാൽ അതിർത്തി പ്രശ്നവും വികസന വിഷയവും വെവ്വേറെ കാണണമെന്ന വാദം ചൈന മുന്നോട്ടു വെച്ചു. കൂടിക്കാഴ്ചക്ക് ശേഷം ചൈന പുറത്തിറക്കിയ പ്രസ്താവനയിൽ ലഡാക്ക് സംഘർഷം പരാമർശ വിഷയം തന്നെയായില്ല.

2020 മേയിൽ ലഡാക്കിൽ ഇരു സൈന്യങ്ങളും ഏറ്റുമുട്ടിയയോടെ രൂപപ്പെട്ട സംഘർഷാവസ്ഥക്കു ശേഷം ഇതാദ്യമായാണ് ചൈനീസ് ഭരണപ്രതിനിധി ഇന്ത്യയിൽ എത്തിയത്. കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ സേനാ പിന്മാറ്റ നടപടി പൂർത്തിയാക്കണമെന്ന ആവശ്യം ചർച്ചകളിൽ മന്ത്രി ജയ്ശങ്കർ മുന്നോട്ടു വെച്ചു. ബന്ധങ്ങൾ സാധാരണ നിലയിലാകണമെന്ന താൽപര്യം ചൈനീസ് വിദേശകാര്യ മന്ത്രിയും പ്രകടിപ്പിച്ചു.

എന്നാൽ അതിർത്തിയും വികസനവും വെവ്വേറെ കണ്ട് മുന്നോട്ടു പോകണം. വിദേശകാര്യ മന്ത്രിമാർ മൂന്നു മണിക്കൂർ നീണ്ട ചർച്ചയാണ് നടത്തിയത്. സാധാരണ ബന്ധം പുനഃസ്ഥാപിക്കാൻ അതിർത്തിയിൽ സമാധാനം ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം മന്ത്രി ജയ്ശങ്കർ മന്ത്രി വാങ് യിയോട് വിശദീകരിച്ചു. ബന്ധം മെച്ചപ്പെടുത്താൻ രണ്ടു കൂട്ടരും പ്രതിബദ്ധമാണെങ്കിൽ, സേനാ പിന്മാറ്റ ചർച്ചകളിലും അത് പ്രതിഫലിക്കണമെന്ന് കൂടിക്കാഴ്ചക്കു ശേഷം ജയ്ശങ്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ഥിരമായ, പ്രവചിക്കാവുന്ന ഒരു ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

അതിന് സാധാരണ നില പുനഃസ്ഥാപിക്കണം. സൈനിക, നയതന്ത്ര ചർച്ചകളിൽ ഗുണപരമായ ഫലപ്രാപ്തി ഉണ്ടായെങ്കിലും മേഖല സാധാരണ നിലയിലായിട്ടില്ല -ജയ്ശങ്കർ വിശദീകരിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വാങ് യി കണ്ടു. യുക്രെയ്ൻ യുദ്ധസാഹചര്യങ്ങളും ചർച്ചയായി. ഔദ്യോഗിക സന്ദർശന പതിവുകളിൽ നിന്ന് ഭിന്നമായി അപ്രഖ്യാപിത യാത്രയായിരുന്നു വാങ് യി നടത്തിയത്.

ഈ വർഷം ബീജിങ്ങിൽ നടക്കേണ്ട ബ്രിക്സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) രാഷ്ട്ര നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കേണ്ടിയിരിക്കെ, ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഇരുരാജ്യങ്ങളും. പാകിസ്താനും അഫ്ഗാനിസ്താനും സന്ദർശിച്ച് ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച വൈകീട്ട് നേപ്പാളിലേക്കു പോയി.

ചർച്ചയിൽ വിദ്യാർഥി പ്രശ്നവും

ചൈനയിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് അങ്ങോട്ട് മടങ്ങാൻ സാഹചര്യമൊരുക്കുന്ന വിഷയവും ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. വിവേചനരഹിതമായ സമീപനം ഉണ്ടാകുമെന്ന പ്രത്യാശ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചർച്ചയിൽ പ്രകടിപ്പിച്ചു.

പഠനത്തിനായി വീണ്ടും ചൈനയിൽ എത്താൻ കോവിഡ് സാഹചര്യങ്ങൾ മൂലം അനുവദിക്കാത്തത് വിദ്യാർഥികളുടെ ഭാവിക്ക് ദോഷം ചെയ്യും. ഇക്കാര്യം ബന്ധപ്പെട്ടവരോട് സംസാരിക്കാമെന്ന് വാങ് യി ഉറപ്പു നൽകിയതായി ജയ്ശങ്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-china border dispute
News Summary - ''Peace is not possible when the border is tense'; India toughens its statement in border issue'
Next Story