ആദ്യം നിങ്ങൾ പള്ളികളും സ്കൂളുകളും വീടുകളും തകർത്ത ഇന്ത്യയിലെ മുസ്‍ലിംകളുടെ ഹൃദയം കീഴടക്കുക -മെഹബൂബ മുഫ്തി
text_fieldsമെഹബൂബ മുഫ്തി
ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിനെതിരെ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) മേധാവി മെഹബൂബ മുഫ്തി തന്റെ സമൂഹമാധ്യമ പേജിലും പൊതുപരിപാടികളിലും വിമർശിക്കുകയാണ്. ഇന്ത്യയിലെ മുസ്ലിംകളെ ശത്രുക്കളായി കാണുകയും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നത് ബി.ജെ.പിയുടെ കാപട്യത്തെയാണ് വെളിവാക്കുന്നതെന്ന് മെഹബൂബ പറഞ്ഞു.
അഫ്ഗാനിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ച സമയത്താണ് മെഹബൂബയുടെ പരാമർശം. ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, വോട്ട് ജിഹാദ്, പശു ജിഹാദ് എന്നിവയുടെ പേരിൽ, ബി.ജെ.പി സ്വന്തം മുസ്‍ലിം ജനതയെ ലക്ഷ്യംവെക്കുകയും അവർക്കെതിരെ അപകീർത്തികരമായ കഥകൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിൽ മെഹബൂബ ആരോപിച്ചു. അതേസമയം, ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ, ബി.ജെ.പിയുടെ നേതൃത്വത്തിൽ, ജിഹാദിന്റെ മുന്നോടികളായ താലിബാനെ സ്വീകരിക്കാൻ തീരുമാനിച്ചു.’ എന്നായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്.
അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്ന് മെഹബൂബ പറഞ്ഞു, അതിൽ അഫ്ഗാൻ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകുന്നത് ഉൾപ്പെടുന്നു.‘അഫ്ഗാനിസ്താനുമായി നല്ല ബന്ധം വളർത്തിയെടുക്കുന്നത് തന്ത്രപരമായി പ്രധാനമായിരിക്കാം, പക്ഷേ ഒരു വിരോധാഭാസവും ഉയർത്തുന്നു, കാരണം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സ്വത്വത്തിനും പുരോഗതിക്കും സംഭാവന നൽകിയ ഇന്ത്യയുടെ മുസ്‍ലിം ജനതയെ വ്യവസ്ഥാപിതമായി അരികുവത്കരിക്കുകയും മുസ്‍ലിം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ സർക്കാർ പിൻവലിക്കുകയും മദ്റസകൾ അടച്ചുപൂട്ടുകയും ചെയ്യുന്നത് ബി.ജെ.പി കപടമുഖം പുറത്തുകൊണ്ടുവരികയാണെന്ന് പി.ഡി.പി പ്രസിഡന്റ് ആരോപിച്ചു.
അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തേണ്ടത് പ്രധാനമാണെന്നും എന്നാൽ സ്ഥിരതയും ഐക്യമുള്ളതുമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറ നിലനിൽക്കുന്നത് ന്യൂനപക്ഷ സമുദായങ്ങളുമായുള്ള വിശ്വാസവും ബഹുമാനവും സമത്വവും വളർത്തുന്നതിലാണെന്നും മെഹബൂബ പറഞ്ഞു. ‘ബുൾഡോസർ ബാബ ഇത് കേൾക്കുന്നുണ്ടല്ലോ അല്ലേ?’ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചുകൊണ്ട് അവർ പറഞ്ഞു,
ഡൽഹി മുമ്പ് താലിബാനെ തീവ്രവാദികൾ എന്ന് വിളിച്ചിരുന്നു, പക്ഷേ ഇപ്പോൾ നിങ്ങൾ അവരോട് സംസാരിക്കുന്നു. പിന്നെ എന്തിനാണ് നിങ്ങളുടെ സ്വന്തം ജനതയോട് ഈ ശത്രുത? എന്തിനാണ് നിങ്ങൾ സ്വന്തം ജനങ്ങളെ തകർത്തത്? എന്തുകൊണ്ടാണ് നിങ്ങൾ കശ്മീരികളെ തകർത്തത്, എന്തുകൊണ്ടാണ് അവരെ സംസാരിക്കാൻ അനുവദിക്കാത്തത്? നിങ്ങൾ താലിബാനുമായി സംസാരിക്കൂ"രാജ്യത്തെ മുസ്‍ലിംകളുടെ താടി മുറിക്കുകയും തൊപ്പികൾ വലിച്ചെറിയുകയും ചെയ്തിട്ടുണ്ടെന്ന് മെഹബൂബ ആരോപിച്ചു, എന്നാൽ ഇന്ന് അവർ (താലിബാൻ) നീണ്ട തലപ്പാവ് ധരിച്ചാണ് ഇവിടെ വന്നിരിക്കുന്നത്, നിങ്ങൾ അവരുടെ മുന്നിൽ കൂപ്പുകൈകളോടെ നിൽക്കുന്നു. താലിബാനുമായുള്ള ചർച്ചകളിൽ നിന്നും അവരുമായി നല്ല ബന്ധം നിലനിർത്തുന്നതിൽനിന്നും രാജ്യത്തിന് നേട്ടമുണ്ടാകുമെങ്കിൽ അത് നല്ലതുതന്നെ. എന്നാൽ ആദ്യം നിങ്ങൾ പള്ളികളും സ്കൂളുകളും വീടുകളും തകർത്ത ഇന്ത്യയിലെ മുസ്‍ലിംകളുടെ ഹൃദയം കീഴടക്കുക. ഡൽഹിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

