Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശ്നം കലയല്ല, അതിന് പിന്നിലെ രാഷ്ട്രീയമാണ്: ബിക്കാനീർ ഹൗസിനെതിരെ സെൻസർഷിപ്പ് ആരോപണവുമായി പവൻ ഖേര

text_fields
bookmark_border
പ്രശ്നം കലയല്ല, അതിന് പിന്നിലെ രാഷ്ട്രീയമാണ്: ബിക്കാനീർ ഹൗസിനെതിരെ സെൻസർഷിപ്പ് ആരോപണവുമായി പവൻ ഖേര
cancel

ന്യൂഡൽഹി: സാംസ്കാരിക നയങ്ങളിലും കലാ സെൻസർഷിപ്പിലും ഭരണപക്ഷത്തിന്റെയും മുൻ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെയും ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്ത്. 2025 സെപ്റ്റംബറിൽ ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ പ്രദർശിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാത്മാഗാന്ധിക്കൊപ്പം ചിത്രീകരിക്കുന്ന കലാസൃഷ്ടിയുടെ വിഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് ഖേര രംഗത്തെത്തിയത്. ഭരണകൂടത്തിന് അനുകൂലമായ സന്ദേശങ്ങൾ ഈ വേദികളിൽ അനുവദിക്കുമ്പോൾ, ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ ചിത്രീകരണങ്ങൾ തടയുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം വാദിച്ചു.

ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ സംഘടിപ്പിച്ച റൈഹാൻ രാജീവ് വധ്രയുടെ നോ ഐഡിയ ഈസ് ഫൈനൽ എന്ന സോളോ എക്സിബിഷനിൽ നിന്ന് പ്രതിഷേധ വിഷയമാക്കിയ 75 ഫോട്ടോകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങൾക്കിടയിലാണ് ഖേരയുടെ പ്രതികരണം.

"റേഷൻ സഞ്ചി മുതൽ വഴിയിലെ ബാനറുകളിൽ വരെ മോദിയുടെ ചിത്രം പതിപ്പിക്കുകയും എല്ലാ ആനുകൂല്യങ്ങളുടെയും ഉറവിടം അദ്ദേഹമാണെന്ന് ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, ആ മുഖം തികച്ചും രാഷ്ട്രീയമുള്ളതായി മാറുന്നു. മോദിയെ മഹാത്മാഗാന്ധിക്ക് തുല്യമായി ചിത്രീകരിക്കുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. ഇത് ബിക്കാനീർ ഹൗസിന്റെയും, അതോടൊപ്പം സർക്കാറിന്‍റെയും ഇരട്ടത്താപ്പിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. വ്യക്തമായി പറഞ്ഞാൽ, ‘രാഷ്ട്രീയ കല’യല്ല ഇവിടെ പ്രശ്നം. അതിന് പിന്നിലെ രാഷ്ട്രീയമാണ്," അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധ്രയുടെ മകനായ റൈഹാൻ വധ്ര, ഡൽഹിയിലുടനീളം യുവാക്കൾ നടത്തുന്ന പ്രതിഷേധങ്ങളും പൗര മുന്നേറ്റങ്ങളും പകർത്തിയ 105 ചിത്രങ്ങൾ ബിക്കാനീർ ഹൗസിലെ തന്റെ ഫോട്ടോഗ്രാഫി ഷോയിൽ പ്രദർശിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, രാജസ്ഥാൻ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ബിക്കാനീർ ഹൗസ് ഭരണകൂടം, രാഷ്ട്രീയ വിഷയങ്ങൾ നിരോധിക്കുന്ന നയം ചൂണ്ടിക്കാട്ടി 75 ഫോട്ടോഗ്രാഫുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

ബിക്കാനീർ ഹൗസ് പോലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സാംസ്കാരിക കേന്ദ്രങ്ങളിൽ രാഷ്ട്രീയ ചിത്രീകരണങ്ങൾ നിരോധിക്കുന്ന വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ടെന്നും, ഭരണനിർവഹണ ചട്ടക്കൂടിനുള്ളിൽ നിന്നാണ് അധികൃതർ പ്രവർത്തിച്ചതെന്നുമാണ് ബി.ജെ.പി വക്താക്കൾ പറയുന്നത്. പ്രദർശനം പൂർണമായി റദ്ദാക്കുന്നത് ഒഴിവാക്കാൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് 75 ഫോട്ടോഗ്രാഫുകൾ നീക്കം ചെയ്തതെന്നും, എന്നാൽ ഈ മുഴുവൻ കളക്ഷനും ഡൽഹിയിലെ മറ്റൊരു വേദിയിലും പിന്നീട് ബംഗളൂരുവിലും പ്രദർശിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും റൈഹാൻ വധ്ര പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pawan Khera alleges censorship by Bikaner House
Next Story