'ഭരണഘടനയും ഭഗവദ് ഗീതയും ഒന്നു തന്നെ' വിവാദ പരാമർശവുമായി ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ; വ്യാപക വിമർശനം
text_fieldsഅമരാവതി: ഇന്ത്യൻ ഭരണഘടനയും ഭഗവദ് ഗീതയും ഒന്നാണെന്ന വിവാദ പരാമർശവുമായി ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ.
ഭഗവദ്ഗീതയെ 'ഭരണഘടനയുടെ കൈയെഴുത്തുപ്രതി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കര്‍ണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണമഠത്തില്‍ നടന്ന ഗീത ഉത്സവപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായായിരുന്നു വിവാദ പരാമർശം.
ശ്രീകൃഷ്ണൻ അർജുനന് നൽകുന്ന ഉപദേശം തന്നെയാണ് നമ്മുടെ ഭരണഘടനയിലും ഉൾക്കൊള്ളുന്നതെന്നും രാജ്യത്തിന്റെ ധാർമിക ദർശനം, നീതി, ക്ഷേമം, ഉത്തരവാദിത്തം, സമത്വം, നീതിപൂർവകമായ ഭരണം എന്നിവയെക്കുറിച്ചെല്ലാം ശ്രീകൃഷ്ണന്‍റെ ഉപദേശത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കൃഷ്ണൻ അർജുനനെ ധർമത്തിന്‍റെ മാർഗത്തിൽ കൂടി ചലിക്കാനാണ് പ്രേരിപ്പിക്കുന്നത്. ചിലര്‍ ധര്‍മവും ഭരണഘടനയും വ്യത്യസ്ത ലോകങ്ങളുടേതാണെന്ന് കരുതുന്നു, പക്ഷേ അത് അങ്ങനെയല്ല. ധര്‍മം ഒരു ധാര്‍മിക കോമ്പസാണ്. ഭരണഘടന നിയമപരമായ കോമ്പസാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂര്‍ണവുമായ സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്' പവൻ കല്യാൺ പറഞ്ഞു.
പവന്‍ കല്യാണിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഭരണഘടനയെ കുറിച്ച് പഠിക്കാത്ത സെലിബ്രിറ്റികളാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ് പ്രതികരിച്ചു.
'ഭരണഘടന മതേതരമാണ്. അതില്‍ ധര്‍മത്തിനല്ല സ്ഥാനം'അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും പവന്‍ കല്യാണിനെ വിമര്‍ശിച്ചു. നിയമത്തേയും ധര്‍മത്തേയും കുറിച്ച് അദ്ദേഹത്തിന് ധാരണയില്ലെന്നും ഭരണഘടനക്കും ധര്‍മത്തിനും ഒന്നാകാന്‍ കഴിയില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി നേതാക്കൾ പവൻ കല്യാണിനെ പിന്തുണച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

