
എൻജിൻ തകരാർ; ബംഗളൂരുവിൽനിന്ന് പട്നയിലേക്ക് പോയ വിമാനം അടിയന്തരമായി നിലത്തിറക്കി
text_fieldsനാഗ്പൂർ: 139 യാത്രക്കാരുമായി ബംഗളൂരുവിൽനിന്ന് പട്നയിലേക്ക് പോയ ഗോ എയർ വിമാനം നാഗ്പൂരിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്.
11.15 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഗോ എയർ ജി8-873 വിമാനമാണ് ബംഗളൂരുവിൽനിന്ന് പട്നയിലേക്ക് പറന്നത്. എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് നാഗ്പൂർ വഴി തിരിച്ചുവിട്ടു. സ്റ്റാൻഡേർഡ് ഒാപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ച ക്യാപ്റ്റൻ വിമാനം സുരക്ഷിതമായി നാഗ്പൂർ വിമാനത്താവളത്തിൽ ഇറക്കി -പ്രസ്താവനയിൽ പറയുന്നു.
എല്ലാ യാത്രക്കാർക്കും ആവശ്യമായ സഹായങ്ങൾ ചെയ്തതായി ഗോ എയർ അറിയിച്ചു. വൈകുന്നേരം 4.45ന് യാത്രക്കാർക്കായി പ്രത്യേക വിമാന സർവിസ് ക്രമീകരിച്ചു. എൻജിനീയറിങ് സംഘം വിമാനം പരിശോധിച്ചുവരികയാണെന്നും ഗോ എയർ അറിയിച്ചു.
