ചികിത്സപ്പിഴവ് പരാതികൾ: എൻ.എം.സിയിൽ ആശയക്കുഴപ്പം
text_fieldsന്യൂഡൽഹി: ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട് രോഗികളുടെ അപ്പീലുകൾ പരിഗണിക്കാൻ തീരുമാനമെടുത്തിട്ടും നടപ്പാക്കുന്നതിൽ ദേശീയ മെഡിക്കൽ കമീഷനിൽ (എൻ.എം.സി) ആശയക്കുഴപ്പം. ഭാര്യയുടെ മരണത്തിൽ ചികിത്സപ്പിഴവ് ചൂണ്ടിക്കാട്ടി പഞ്ചാബിലെ അമൃത് സർ സ്വദേശി ജനുവരി 30ന് നൽകിയ അപ്പീൽ എൻ.എം.സിയുടെ എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് (ഇ.എം.ആർ.ബി) തള്ളിയതാണ് ആരോപണത്തിനിടയാക്കിയത്. പഞ്ചാബ് മെഡിക്കൽ കൗൺസിലിന്റെ തീരുമാനത്തിനെതിരെയായിരുന്നു യുവാവ് എൻ.എം.സിയെ സമീപിച്ചത്.
എൻ.എം.സി നിയമം 2019 പ്രകാരം ഡോക്ടർമാർക്കോ ആരോഗ്യപ്രവർത്തകർക്കോ മാത്രമേ ഇ.എം.ആർ.ബിക്ക് അപ്പീൽ നൽകാൻ അനുവാദമുള്ളൂ എന്ന് അപ്പീൽ മടക്കിയ കാര്യം അറിയിച്ച് ഫെബ്രുവരി 21ന് നൽകിയ കത്തിൽ പറയുന്നു. അതേസമയം, ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടര്‍മാരുടെ പേരിലുള്ള പരാതികളില്‍ സംസ്ഥാന കൗൺസിൽ നടപടികളിൽ അതൃപ്തിയുള്ള പക്ഷം രോഗികൾക്കോ ബന്ധുക്കൾക്കോ ദേശീയ മെഡിക്കല്‍ കമീഷനില്‍ അപ്പീല്‍ നല്‍കാമെന്ന് 2024 സെപ്റ്റംബർ 23ന് ചേർന്ന എൻ.എം.സി യോഗം തീരുമാനിച്ചിരുന്നു. പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനും മെഡിക്കല്‍ ആക്ടിവിസ്റ്റുമായ ഡോ. കെ.വി. ബാബുവിന് വിവരാവകാശ നിയപ്രകാരം ലഭിച്ച എൻ.എം.സി യോഗത്തിന്റെ മിനിറ്റ്സ് രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ തീരുമാനം നിലനിൽക്കേയാണ് അപ്പീൽ തള്ളിയത്.
കഴിഞ്ഞ വർഷം മുഴുവൻ അംഗങ്ങളുടെയും കാലാവധി പൂർത്തിയായ എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് എങ്ങനെയാണ് ഫെബ്രുവരിയിൽ അപ്പീൽ തള്ളിയതെന്ന് വ്യക്തമല്ലെന്ന് ഡോ.കെ.വി. ബാബു പറഞ്ഞു. വിഭാഗത്തിലെ ഉദ്യോഗസ്ഥർ പഴയ ചട്ടങ്ങൾ പരിഗണിച്ച് അപ്പീൽ തള്ളിയിരിക്കാനുള്ള സാധ്യതയുമുണ്ട്. അതിപരിഗണനയർഹിക്കുന്ന പരാതി പരിഗണിക്കുന്നതിലുണ്ടായ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും ഡോ.കെ.വി. ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

