കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഹാർദിക് പട്ടേലിന് ഭൂരിപക്ഷം 50,000
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഹാർദിക് പട്ടേലിന് വിരാംഗം മണ്ഡലത്തിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷം. കോൺഗ്രസിലെ ലഖാഭായ് ഭർവാദിനെയാണ് പരാജയപ്പെടുത്തിയത്.
2015-ൽ സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായം നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയാണ് ഹാർദിക് പട്ടേൽ പൊതുരംഗത്തെത്തിയത്. പാട്ടിദാർ അനാമത് ആന്ദോളൻ സമിതി (പിഎഎഎസ്) നേതാവായിരുന്നു. ഗുജറാത്തിലെ സമുദായ സംഘടനയായ സർദാർ പട്ടേൽ ഗ്രൂപ്പ് (എസ്‌പിജി) അംഗവുമായിരുന്നു.
പ്രക്ഷോഭത്തിന് പിന്നാലെ ആദ്യം കോൺഗ്രസിൽ ചേർന്ന ഹാർദിക് പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റായിരുന്നു. എന്നാൽ, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിച്ചതോടെ അദ്ദേഹം ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടി. ഗുജറാത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തനിക്ക് അർഹമായ സ്ഥാനം നൽകുന്നില്ലെന്നായിരുന്നു പട്ടേലിന്റെ പരാതി.
അഹമ്മദാബാദിലെ വിരാംഗം, മണ്ഡൽ, ഡെട്രോജ് താലൂക്കുകൾ ഉൾപ്പെടുന്നതാണ് വിരാംഗം മണ്ഡലം. 2012 വരെ കോൺഗ്രസിന്റെ കൂടെയുണ്ടായിരുന്ന മണ്ഡലം 2007ലെ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി പിടിച്ചെടുത്തത്. വിരാംഗത്തിന് ജില്ല പദവി ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പ്രചാരണത്തിനിടെ ഹാർദിക് പട്ടേൽ നൽകിയത്. ആധുനിക സ്‌പോർട്‌സ് കോംപ്ലക്‌സ്, സ്‌കൂളുകൾ, 50 കിടക്കകളുള്ള ആശുപത്രികൾ, 1,000 സർക്കാർ വീടുകൾ, വ്യവസായ എസ്റ്റേറ്റ് തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
പ്രമുഖ ദലിത് നേതാവും കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ജിഗ്നേഷ് മേവാനിയും വിജയിച്ചു. 3857 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയിലെ മനിഭായ് ജെതാഭായ് വഗേലയെയാണ് ജിഗ്നേഷ് തോൽപിച്ചത്. മേവാനിക്ക് 92,567 വോട്ടും വഗേലക്ക് 88,710 വോട്ടും ലഭിച്ചു. ആം ആദ്മി പാർട്ടിയിലെ ദൽപത് ഭായ് ഭാട്ടിയക്ക് 4315 വോട്ട് മാത്രമാണ് ലഭിച്ചത്.
കോൺഗ്രസിന്റെ ജനകീയ മുഖമായ മേവാനി തുടർച്ചയായ രണ്ടാം തവണയാണ് വാദ്ഗാം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മേവാനി പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായ വദ്ഗാമിൽ 90,000ത്തോളം മുസ്‍ലിം വോട്ടർമാരും 44000 ദലിത് വോട്ടർമാരുമുണ്ട്.