Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാസ്‌പോർട്ട്...

പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ല, വിദേശയാത്രക്കുള്ള രേഖ മാത്രം; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ല, വിദേശയാത്രക്കുള്ള രേഖ മാത്രം; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
cancel

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വത്തിന്റെ അന്തിമ രേഖയല്ലെന്നും അത് ഒരു ഇന്ത്യൻ പൗരന്റെ രാജ്യം വിട്ടുള്ള യാത്ര ക്രമീകരിക്കുന്നതിനുള്ള രേഖ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കാമോ എന്നത് സംബന്ധിച്ച് രാജ്യത്ത് ഉയർന്നുവന്ന വലിയ ചർച്ചകൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും മറുപടിയായാണ് മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്.

മാധ്യമങ്ങളോട് സംസാരിച്ച വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ സർക്കാർ നിലപാട് കൂടുതൽ വ്യക്തമാക്കുകയായിരുന്നു. ‘1967-ലെ പാസ്‌പോർട്ട് നിയമപ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് രാജ്യം വിടുന്നതിനായി സർക്കാർ നൽകുന്ന ഒരു യാത്രാരേഖ മാത്രമാണ് പാസ്‌പോർട്ട്. നിലവിലുള്ള നിയമങ്ങൾ പ്രകാരമുള്ള കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഇത് നൽകുന്നത്. എന്നാൽ ഇത് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കാനാവില്ല,’ അദ്ദേഹം വ്യക്തമാക്കി. 1967ലെ പാസ്‌പോർട്ട് നിയമവും 1980-ലെ പാസ്‌പോർട്ട് ചട്ടങ്ങളും അനുസരിച്ചാണ് ഈ രേഖയുടെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നിയമപരമായ ചില വശങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. 2013ൽ ബോംബെ ഹൈകോടതി പുറപ്പെടുവിച്ച ഒരു വിധി പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ലെന്ന് പരോക്ഷമായി വ്യക്തമാക്കുന്നുണ്ടെന്ന് അധികൃതർ ഓർമിപ്പിച്ചു. കൂടാതെ, 1967ലെ നിയമപ്രകാരം, പൊതുതാൽപ്പര്യം മുൻനിർത്തി പൗരനല്ലാത്ത ഒരാൾക്കും പാസ്‌പോർട്ട് നൽകാനുള്ള അധികാരം കേന്ദ്ര സർക്കാരിനുണ്ട്. നിലവിൽ ഇന്ത്യയിലെ എട്ടു ശതമാനത്തിൽ താഴെ ജനങ്ങൾക്ക് മാത്രമാണ് പാസ്‌പോർട്ട് ഉള്ളതെന്നും, അതിനാൽ തന്നെ ഇതിനെ പൗരത്വത്തിന്റെ മാനദണ്ഡമായി കാണാൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂൺ 24ന് നടന്ന 'പാസ്‌പോർട്ട് സേവാ ദിവസ്' ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരാമർശമാണ് ഈ വിഷയത്തിൽ പുതിയ വിവാദങ്ങൾക്ക് തിരിതെളിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് പാസ്‌പോർട്ടിനെ പൗരത്വ രേഖയായി കണക്കാക്കാമോ എന്ന ചോദ്യത്തിന്, അത് പൗരത്വത്തിന്റെ രേഖയല്ലെന്നും വിദേശ രാജ്യങ്ങളിലൂടെയുള്ള യാത്രക്കും സഞ്ചാരത്തിനും മാത്രമുള്ള രേഖയാണെന്നുമാണ് ഉദ്യോഗസ്ഥർ അന്ന് പ്രതികരിച്ചത്. ഈ പ്രസ്താവന പ്രതിപക്ഷ പാർട്ടികളിലടക്കം വലിയ തോതിൽ വിമർശനമുയർത്താൻ ഇടയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportindian citizenMinistry of External Affairstravel documentcitizenship proofIndia
News Summary - Passport meant to ‘regulate departure’ of Indian citizens from country: MEA
Next Story