പാസ്പോർട്ട് പൗരത്വ രേഖയല്ലെങ്കിൽ പിന്നെ ഏത്? ചോദ്യവുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് വിദേശ യാത്രകൾക്കുള്ള രേഖയാണെന്നും അത് പൗരത്വം തെളിയിക്കാനുള്ളതല്ലെന്നുമുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വിവാദം. പാസ്പോർട്ട് പൗരത്വത്തിന് തെളിവല്ലെങ്കിൽ ഏത് രേഖയാണ് പൗരത്വം തെളിയിക്കാൻ ഉപയോഗിക്കേണ്ടതെന്ന ചോദ്യവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കൾ രംഗത്തുവന്നു.
രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഒരു രേഖയുടെ മൂല്യം സർക്കാർ കുറച്ചുകാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. കർശനമായ പരിശോധനകൾക്ക് ശേഷമാണ് പാസ്പോർട്ട് നൽകുന്നതെന്നും അതിനാൽ ഈ നിലപാട് യുക്തിരഹിതമാണെന്നും സമൂഹമാധ്യമങ്ങളിലും നിരവധി പേർ ആരോപിച്ചു.
‘ഇന്ന് ഇന്ത്യൻ പൗരത്വത്തിന്റെ ഏക തെളിവ് ഹിന്ദുവും ഒപ്പം ബി.ജെ.പി വോട്ടറും ആയിരിക്കുക എന്നത് മാത്രമാണെന്ന് തോന്നുന്നു. മറ്റൊന്നും നിലനിൽക്കില്ല’ -മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു. പാസ്പോർട്ടും പൗരത്വ രേഖയല്ലെങ്കിൽ പിന്നെ ഏത് രേഖയാണ് പൗരത്വത്തിന്റെ തെളിവ് എന്ന് കപിൽ സിബൽ ചോദിച്ചു. ‘ഒരു ബി.എൽ.ഒക്ക് എന്റെ പൗരത്വത്തെ സംശയിക്കാം. എന്റെ വോട്ടവകാശം ഇല്ലാതാക്കാം. ഫലം ബി.ജെ.പി തെരഞ്ഞെടുപ്പിൽ ജയിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
പാസ്പോർട്ട് നിയമം നിലവിൽ വന്നതിന്റെ ഓർമക്ക് ജൂൺ 24ന് ആചരിക്കുന്ന പാസ്പോർട്ട് സേവാ ദിനത്തോട് അനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ്, വിദേശത്തായിരിക്കുമ്പോൾ ഇന്ത്യക്കാരുടെ ദേശീയത സാക്ഷ്യപ്പെടുത്തുക മാത്രമാണ് പാസ്പോർട്ട് ചെയ്യുന്നതെന്നും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അധികൃതർ പറഞ്ഞത്. ഇതിന് പിന്നാലെ കടുത്ത വിമർശനം ഉയർന്നതോടെ വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നു. ഇത് പുതിയൊരു നയവ്യതിയാനമല്ലെന്നും വർഷങ്ങളായി നിലനിൽക്കുന്ന നിയമപരമായ നിലപാടാണെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
1967ലെ പാസ്പോർട്ട് നിയമപ്രകാരം പൊതുതാൽപര്യം മുൻനിർത്തി ചില പ്രത്യേക സാഹചര്യങ്ങളിൽ പൗരന്മാരല്ലാത്തവർക്കും പാസ്പോർട്ട് അല്ലെങ്കിൽ യാത്രാ രേഖകൾ നൽകാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ട്. മുമ്പ് ശ്രീലങ്കൻ അഭയാർഥിയുടെ മകൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ മദ്രാസ് ഹൈകോടതി അനുമതി നൽകിയ സംഭവം ഇതിന് ഉദാഹരണമാണെന്നുമാണ് കേന്ദ്ര വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

