ഭാഗ്യരാജിന്റെ വിയോഗം: വിടപറഞ്ഞത് ബഹുമുഖ പ്രതിഭ
text_fieldsചെന്നൈ: ‘ഇയക്കുനർ ഇമയം’ (സംവിധായകരിലെ ഹിമാലയം) എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽനിന്ന് തമിഴ് സിനിമാ ലോകം മുക്തമാവുന്നതിന് മുമ്പാണ് അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ കൃഷ്ണസാമി ഭാഗ്യരാജിന്റെ അപ്രതീക്ഷിത മരണവും സംഭവിച്ചത്. കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന നടി ഖുശ്ബുവിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വെള്ളിയാഴ്ച രാത്രിയിലാണ് ഭാഗ്യരാജ് ചെന്നൈയിൽ തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ ഭാര്യ പൂർണിമ ജയറാമിനൊപ്പം പ്രഭാത നടത്തത്തിനിടെയാണ് പൊടുന്നനെ നെഞ്ചുവേദന അനുഭവപ്പെടുകയും ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നത്. തമിഴ് എഴുത്തുകാരുടെ സംഘടനാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കുകയായിരുന്നു. 1953 ജനുവരി ഏഴിന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപാളയത്തിനടുത്ത വെള്ളകോവിലിൽ കൃഷ്ണസാമി- അമരാവതി ദമ്പതികളുടെ മകനായാണ് ഭാഗ്യരാജ് ജനിച്ചത്. രണ്ടുതവണ വിവാഹം കഴിച്ചു. ആദ്യവിവാഹം 1981ൽ നടി പ്രവീണയുമായിട്ടായിരുന്നു. 1983 ആഗസ്റ്റിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനെ തുടർന്ന് 1984 ഫെബ്രുവരി ഏഴിന് പൂർണിമ ജയറാമിനെ വിവാഹം കഴിച്ചു. 1982ൽ ഇറങ്ങിയ ഡാർലിങ് ഡാർലിങ് ഡാർലിങ് എന്ന സിനിമയിലെ സഹതാരമായിരുന്ന പൂർണിമ ജയറാമുമായി പ്രണയത്തിലാവുകയായിരുന്നു.
അഞ്ച് ദശാബ്ദക്കാലത്തോളം നീണ്ട സിനിമ ജീവിതത്തിൽ കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രശ്നങ്ങൾ, ഹാസ്യം എന്നിവക്ക് പ്രാമുഖ്യം നൽകുകയും മധ്യവർഗ കുടുംബങ്ങളിലെ ദൈനംദിന പ്രശ്നങ്ങളെ പച്ചയായും ഹാസ്യാത്മകമായും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ഭാഗ്യരാജിന്റെ സിനിമകൾ ജനപ്രിയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

