തീപിടിച്ച എൻജിനിൽ നിന്ന് കംപാർട്ടുമെന്റുകൾ തള്ളി നീക്കി യാത്രക്കാർ; രക്ഷാപ്രവർത്തന വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: തീപിടിച്ച ട്രെയിനിൽ നിന്ന് കംപാർട്മെന്റുകൾ തള്ളി നീക്കി വേർപെടുത്തുന്ന യാത്രക്കാരുടെ ഒത്തൊരുമയെ പ്രകീർത്തിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് ശനിയാഴ്ച തീപിടിച്ചത്.
ദൗരാല സ്റ്റേഷന് സമീപമാണ് രണ്ട് കോച്ചുകൾക്ക് തീപിടിച്ചത്. തൊട്ടുപിന്നാലെ യാത്രികർ സമയോജിതമായി ഇടപെട്ട് മറ്റ് കംപാർട്മെന്റുകളെ തീപിടിച്ച കോച്ചുകളിൽ നിന്ന് വേർപെടുത്തി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ യാത്രക്കാരുടെ ഒത്തൊരുമയെയും ധീരതയെയും പ്രകീർത്തിക്കുകയാണ് നെറ്റിസൺസ്.
ഡൽഹിയിലേക്കുള്ള യാത്രാമധ്യേ പുലർച്ചെ 5.30ന് തീപിടിത്തമുണ്ടായെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെത്തുന്നതിന് 90 കിലോമീറ്റർ മുമ്പ് ദൗരാലയിൽ ഒരു കമ്പാർട്ടുമെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടു. രാവിലെ 7.10ന് ട്രെയിൻ ദൗരാല സ്‌റ്റേഷനിൽ എത്തിയപ്പോഴേക്കും രണ്ട് കോച്ചുകൾ തീപിടിച്ചിരുന്നുവെന്ന് മീററ്റ് സിറ്റി റെയിൽവേ സ്‌റ്റേഷൻ സൂപ്രണ്ട് ആർ.പി ശർമ പറഞ്ഞു.
തീപിടിച്ച കോച്ചുകളിലെ യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ശർമ അറിയിച്ചു. ആൾനാശമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തില്ല. അപകടത്തെ തുടർന്ന് കുറച്ച് സമയം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മൂന്ന് ലക്ഷത്തിനടുത്താളുകൾ ഇതുവരെ വിഡിയോ കണ്ടുകഴിഞ്ഞു.