ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിംഗിന് പിന്നാലെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി; തലനാരിഴക്ക് അപകടം ഒഴിവായി
text_fieldsപ്രതീകാത്മക ചിത്രം
ഷാർജയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാർ ഇന്ന് സാക്ഷ്യം വഹിച്ചത് അപകയകരമായ ഒരു സംഭവത്തെയാണ്. വിമാനം ലാൻഡ് ചെയ്ത ശേഷം ടാക്സിവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കെ ഒരു യാത്രക്കാരൻ എമർജൻസി എക്സിറ്റ് വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
വിമാനത്താവള ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, വിമാനം റൺവേയിൽ നിന്ന് മാറി പാർക്കിംഗ് ബേയിലേക്ക് നീങ്ങുമ്പോഴായിരുന്നു ഈ സംഭവം. അപ്രതീക്ഷിതമായ ഈ നീക്കം യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തുകയും ഉടനടി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
"വിമാനം സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം പുറത്തേക്ക് ചാടിയത്. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല," ചെന്നൈ വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പ്രധാന റൺവേയിലല്ല ഈ സംഭവം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാരന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. വിമാനത്തിനുള്ളിൽ ഇയാൾ രണ്ട് തവണ ഛർദ്ദിച്ചിരുന്നുവെന്നും ഇതാകാം ഇത്തരം ഒരു പ്രവർത്തിയിലേക്ക് ഇയാളെ നയിച്ചതെന്നും ഉദ്യോഗസ്ഥർ കരുതുന്നു. പൈലറ്റ് ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും തുടർ അന്വേഷണത്തിനായി പൊലീസിന് കൈമാറുകയും ചെയ്തു.
ഈ സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നേരിയ തോതിൽ തടസ്സപ്പെട്ടു. മുൻകരുതൽ നടപടിയുടെ ഭാഗമായി പുലർച്ചെ 03:23 മുതൽ 04:23 വരെ പ്രധാന റൺവേ അടച്ചിട്ടു. ഈ സമയത്തെ വിമാനങ്ങൾ സെക്കൻഡറി റൺവേ വഴി തിരിച്ചുവിട്ടു. യാത്രക്കാരന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ സ്വദേശിയാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

