വന്ദേഭാരതിൽ എം.എൽ.എക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തില്ല; യാത്രക്കാരന് ബി.ജെ.പിക്കാരുടെ മർദനം, തന്‍റെ അറിവോടെയല്ലെന്ന് എം.എൽ.എ
text_fieldsഝാന്‍സി (ഉത്തർപ്രദേശ്): വന്ദേഭാരത് എക്സ്പ്രസിൽ സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ വിസമ്മതിച്ച യാത്രക്കാരനെ പാർട്ടി പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി എം.എൽ.എ രാജീവ് സിങ്. ജൂൺ 19ന് നടന്ന സംഭവത്തിൽ എട്ട് ദിവസത്തിന് ശേഷം ഇന്നാണ് എം.എൽ.എ പ്രതികരിച്ചത്.
തെറ്റിദ്ധാരണയെ തുടർന്നുണ്ടായ സംഭവമാണെന്നും അനുയായികളുടെ ഭാഗത്ത് നിന്നുണ്ടായ തര്‍ക്കവും സംഭവ വികാസങ്ങളും നിര്‍ഭാഗ്യകരമെന്നും രാജീവ് സിങ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജൂണ്‍ 19ന് തീയതി ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേഭാരത് എക്സ്പ്രസിലായിരുന്നു സംഭവം. ബി.ജെ.പി എം.എൽ.എക്ക് സീറ്റ് ഒഴിഞ്ഞ് നൽകിയില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ രാജ് പ്രകാശ് എന്ന യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. മർദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബബിന എം.എൽ.എയായ രാജീവ് സിങ്ങിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
സംഭവം വിവാദമായതോടെ ജൂണ്‍ 22ന് ബി.ജെ.പി ഉത്തര്‍പ്രദേശ് യൂനിറ്റ് രാജീവ് സിങ് എം.എൽ.എക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
ഡല്‍ഹിയില്‍ നിന്ന് ഝാന്‍സിയിലേക്ക് യാത്ര ചെയ്യവേ കുടുംബത്തോടൊപ്പം ഒരുമിച്ചിരിക്കാൻ സീറ്റ് ഒഴിഞ്ഞു നൽകാൻ യാത്രക്കാരനോട് അഭ്യർഥിച്ചു. എന്നാൽ, യാത്രക്കാരനും ഒപ്പമുണ്ടായിരുന്ന ആളും പരുഷമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും രാജീവ് സിങ് ആരോപിക്കുന്നു. യാത്രക്കാർ മോശമായി പെരുമാറിയതിന്‍റെ ദൃശ്യങ്ങളുണ്ടെന്നും എം.എൽ.എ പറഞ്ഞു.
പാർട്ടി പ്രവർത്തകർ അമിതാവേശം കാണിച്ചതാണെന്നും തന്‍റെ അനുമതിയോടെയല്ല മർദനമെന്നും വ്യക്തമാക്കിയ എം.എൽ.എ, സംഭവത്തിന് ശേഷം യാത്രക്കാരനോട് ക്ഷമ ചോദിച്ചതായും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

