എയർ ഇന്ത്യയുടെ പൈലറ്റ് ആക്രമിച്ചെന്ന് യാത്രക്കാരൻ; പരാതി ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ സുരക്ഷാ ഗേറ്റിൽ വെച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡ്യൂട്ടിയിലല്ലാത്ത പൈലറ്റ് ആക്രമിച്ചുവെന്ന ആരോപണവുമായി ഒരു യാത്രക്കാരൻ. തന്റെ അവകാശവാദത്തിന് തെളിവായി ഒരു വിഡിയോയും പങ്കിട്ടു. ‘രക്തത്തിൽ കുളിച്ച് നിലത്തു കിടക്കുന്ന എന്നെ അയാൾ നോക്കുന്നതിന്റെയും സാഹചര്യത്തിന്റെ ഗൗരവം അറിയാനുമുള്ള ഒരു വിഡിയോ ഇതാ’ എന്ന അടിക്കുറിപ്പോടെയയിരുന്നു അങ്കിത് ദിവാൻ എന്ന ‘എക്സ്’ ഹാൻഡിലിൽ നിന്നുള്ള പോസ്റ്റ്.
വൈദ്യ സഹായം ലഭിക്കാൻ വൈകിയതായി ആരോപിച്ച ദിവാൻ, കൂടെ ഉണ്ടായിരുന്ന ഭാര്യ സഹായം അഭ്യർഥിച്ചിട്ടും 15 മിനിറ്റ് കാത്തിരുന്ന ശേഷമാണ് ഒരു അറ്റൻഡന്റ് വന്നതെന്നും അയാളുടെ പക്കൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഇല്ലായിരുന്നുവെന്നും പറഞ്ഞു. വിമാനത്താവളത്തിനകത്തുള്ള മെഡിക്കൽ സെന്ററിലേക്ക് തന്നെ കൊണ്ടുപോയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അങ്ങോട്ടു കടക്കാൻ അനുവദിച്ചില്ല. 45 മിനിറ്റിനുശേഷം മരുന്നുകൾ അടങ്ങിയ ഒരു ബോക്സ് കൊണ്ടുവന്നാണ് പ്രഥമശുശ്രൂഷ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ ചെക്ക്‌പോസ്റ്റിൽ പരിശോധനക്കായി ക്യൂവിൽ നിൽക്കുന്നതിനിടെയായിരുന്നു സംഭവം. പൈലറ്റ് ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനോട് ‘അയാളെ ഇടിച്ചതിന് ശേഷം തിരിച്ചുവരാം’ എന്ന് പറഞ്ഞതായി ദിവാൻ ആരോപിച്ചു. ഇത് അയാളുടെ കൂടെയുണ്ടായിരുന്ന ഭാര്യയും വ്യക്തമായി കേട്ടതായി പറഞ്ഞു.
സ്പൈസ് ജെറ്റ് ജീവനക്കാരാണ് പിന്നീട് ദിവാനെ വിമാനത്തിലെത്തിക്കാൻ സഹായിച്ചത്. ‘എനിക്കും കുടുംബത്തിനും വിമാന ജീവനക്കാർ ഉപയോഗിക്കുന്ന പി.ആർ.എം സുരക്ഷാ പരിശോധന ഉപയോഗിക്കാൻ നിർദേശം ലഭിച്ചു. കാരണം ഞങ്ങൾക്കൊപ്പം ഒരു സ്‌ട്രോളറിൽ 4 മാസം പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നു. സെജ്‌വാൾ ഉൾപ്പെടെയുള്ള ജീവനക്കാർ തന്റെ മുന്നിൽ ക്യൂ നിൽക്കുകയായിരുന്നുവെന്നും ദിവാനെ പരിശോധനക്കായി വിളിച്ചപ്പോൾ ക്യൂവിൽ കടന്നു കയറിയെന്ന് പറഞ്ഞ് സേജ്‌വാൾ ആദ്യം വാക്കേറ്റത്തിന് മുതിരുകയും പിന്നെ ശാരീരികമായി ആക്രമിക്കുകയായിരുന്നുവെന്നും’ യാത്രക്കാരൻ കൂട്ടിച്ചേർത്തു.
അവരുടെ ഫോണുകൾ എക്സ് റേ ട്രേയിൽ ആയിരുന്നതിനാൽ കൂടുതൽ ദൃശ്യങ്ങൾ റെക്കോർഡു ചെയ്യാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടണം എന്നും പൈലറ്റിനെതിരെ നടപടിയെടുക്കണമെന്നും ദിവാൻ അധികൃതരോട് ആവശ്യപ്പെട്ടു.
എന്നാൽ, ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ലെനാണ് ഡൽഹി പൊലീസ് പറയുന്നത്. പരാതിക്കാരനോ എയർലൈനോ അത്തരമൊരു കാര്യം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് പ്രസ്താവനയിൽ പറയുന്നു. ആരോപണവിധേയനായ ഇരയിൽ നിന്ന് രേഖാമൂലമുള്ള പരാതി ലഭിച്ചാൽ വിഷയം പരിശോധിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
അതിനിടെ, മറ്റൊരു എയർലൈനിലെ യാത്രക്കാരനായിരുന്ന പൈലറ്റിനെ ആഭ്യന്തര അന്വേഷണം വരെ ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവശേഷം ഇയാൾ ബംഗളൂരുവിലേക്ക് ഒരു ഇൻഡിഗോ വിമാനത്തിൽ കയറിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
‘എന്റെ അവധിക്കാലം നശിപ്പിച്ചു. എന്നെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട ഏഴു വയസ്സുള്ള മകൾ ഇപ്പോഴും പരിഭ്രാന്തിയിലും ഭയത്തിലുമാണെന്നും ശാന്തത പാലിക്കാൻ കഴിയാത്ത അത്തരം പൈലറ്റുമാരെ പറക്കാൻ അനുവദിക്കുന്നത് ശരിയാണോ’ എന്നും ദിവാൻ ചോദിച്ചു. ജീവനക്കാരുടെ പ്രവേശനവും ശിശുക്കളെ വഹിക്കുന്ന യാത്രക്കാരെയും ഒരുമിച്ച് ചേർത്തതിനും സെൻസിറ്റീവ് സുരക്ഷാ മേഖലയിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചതിനും ഡൽഹി വിമാത്താവള മാനേജ്‌മെന്റിന്റെ മോശം രീതിയെ അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

