കർണാടക സർക്കാറിനെ വെട്ടിലാക്കി പാർട്ടി എം.പിയുടെ അഴിമതിയാരോപണം
text_fieldsപ്രതാപ് സിംഹ
ബംഗളൂരു: വൈസ് ചാൻസലർ സ്ഥാനത്തേക്ക് നിയമനത്തിന് കോടികളുടെ കോഴ ഇടപാടെന്ന ബി.ജെ.പി എം.പിയുടെ ആരോപണം കർണാടകയിലെ ബി.ജെ.പി സർക്കാറിനെ വെട്ടിലാക്കി. മൈസൂരു- കുടക് എം.പി പ്രതാപ് സിംഹയാണ് ഇതുസംബന്ധിച്ച ഗുരുതര ആരോപണം ഉയർത്തിയത്.
അഞ്ചും ആറും കോടി രൂപ മുടക്കി വൈസ് ചാൻസലർ പദവിയിലെത്തുന്ന ഒരാൾ അത് തിരിച്ചുപിടിക്കുന്നതിന് ചില കളികൾ കളിക്കുമെന്നായിരുന്നു പ്രതാപ് സിംഹയുടെ പ്രസ്താവന. കഴിഞ്ഞയാഴ്ച മൈസൂരുവിൽ നടന്ന ബിരുദദാന ചടങ്ങിലായിരുന്നു അദ്ദേഹം വിവാദ ആരോപണം ഉന്നയിച്ചത്.
‘വി.സി നിയമന പട്ടികയിൽ ഇടം നേടാൻ ലോബിയിങ് നടക്കുകയാണ്. എന്തുകൊണ്ടാണ് സർവകലാശാലകൾ ചൂഷണകേന്ദ്രങ്ങളാവുന്നത് എന്ന് നമ്മൾ ചിന്തിക്കണം. മൈസൂർ സർവകലാശാലയിലാണ് താൻ വിദ്യാഭ്യാസം നേടിയതെന്നും അഴിമതിക്കെതിരെ പോരാടുമെന്നും എം.പി വ്യക്തമാക്കി. ഒരു വാചകം പോലും ഇംഗ്ലീഷിൽ എഴുതാനറിയാത്ത കർണാടക സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പാസായവരെ തനിക്കറിയാം. അത്തരം ആളുകളെ പ്രഫസർമാരും അസി. പ്രഫസർമാരുമായി നിയമിച്ചാൽ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ എന്താവും’... അദ്ദേഹം ചോദിച്ചു.
എം.പിയുടെ പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായതോടെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർന്നു.
ആരോപണത്തെത്തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത് നാരായൺ അന്വേഷണത്തിന് ഉത്തരവിട്ടു. സ്വന്തം നിലക്ക് അത്തരം ആരോപണം ഉന്നയിക്കാൻ എം.പിക്ക് അവകാശമുണ്ടെന്നും എന്നാൽ, ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം ഹാജരാക്കേണ്ടതുണ്ടെന്നും മന്ത്രി അശ്വത് നാരായൺ പറഞ്ഞു. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഴിമതി ആരോപണം ഏറ്റുപിടിച്ച പ്രതിപക്ഷമായ കോൺഗ്രസ് സർക്കാറിനെതിരെ വിമർശനമുയർത്തി. കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ തീരുമാനങ്ങൾ അവരുടെ എം.എൽ.എമാർ പോലും അംഗീകരിക്കുന്നില്ല.
പുതിയ യൂനിവേഴ്സിറ്റി ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നിൽ കോടികൾ തട്ടലാണെന്ന് ബി.ജെ.പി എം.എൽ.എ യത്നാൽ തന്നെ പറയുന്നു. അസി. പ്രഫസർ നിയമന അഴിമതിക്കു പുറമെ, ഇപ്പോൾ വി.സി നിയമനത്തിലും കോഴ ആരോപണം ഉയർന്നിരിക്കുന്നു.
വൈസ് ചാൻസലറെ നിയമിക്കാൻ അഞ്ചു കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയതായി ബി.ജെ.പിയുടെ തന്നെ എം.പി പറയുന്നു. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് സംസ്ഥാന സർക്കാറല്ല. സർക്കാറിന്റെ നിർദേശം പരിഗണിച്ച് ചാൻസലറാണ് (ഗവർണർ) തീരുമാനമെടുക്കുന്നത്.
നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഓഫിസിനെ പോലും ആരോപണമുനയിൽ നിർത്തുന്നതാണ് ഈ അഴിമതിയാരോപണമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

