വിഭജന ഭീതിയുടെ അനുസ്മരണ ദിനം ആചരിച്ച് ഇന്ത്യ; ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാന മന്ത്രി
text_fieldsന്യൂ ഡൽഹി: ഇന്ത്യ വിഭജന ഭീതിയുടെ അനുസ്മരണ ദിനം ആചരിക്കുന്ന വേളയിൽ രാജ്യ വിഭജന കാലത്തെ വർഗീയ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. വിഭജനത്തിൽ ദുരിതമനുഭവിക്കുന്നവർ കാണിച്ച മനക്കരുത്തും ധീരതയെയും അദ്ദേഹം പ്രശംസിച്ചു.
"ഇന്ന് വിഭജനഭീതിയുടെ അനുസ്മരണ ദിനത്തിൽ, വിഭജന സമയത്ത് ജീവൻ നഷ്ടപെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമ്മുടെ ചരിത്രത്തിലെ ദുരന്ത കാലഘട്ടത്തിൽ ദുരിതമനുഭവിച്ച എല്ലാവരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നു"- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ആഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓർമദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാൻ രൂപീകരണത്തിന് ശേഷം ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്ത വിഭജന കാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അനുസ്മരിച്ചു. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട നിമിഷങ്ങൾ ആണെന്ന് ശർമ്മ വിശേഷിപ്പിച്ചു.
"ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിലൊന്നായ വിഭജനം ദശലക്ഷക്കണക്കിന് രാജ്യവാസികൾക്ക് നാശം വിതച്ചു, അഖണ്ഡ ഭാരതത്തിന് കനത്ത തിരിച്ചടി നൽകി. വിഭജനഭീതിയുടെ അനുസ്മരണ ദിനത്തിൽ ബ്രിട്ടീഷ് രാജിന്റെയും പുതുതായി രൂപീകരിച്ച പാകിസ്താന്റെ തന്ത്രങ്ങളുടെ ഫലമായുണ്ടാകുന്ന ജനങ്ങളുടെ കഷ്ടപ്പാടുകൾ ഞാൻ ഓർക്കുന്നു " - അദ്ദേഹം ട്വീറ്റ് ചെയ്തു
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഭജനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്തു.
" വിനാശകരമായ മത ചിന്താഗതി മൂലം ഇന്ത്യ വിഭജന വേളയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും കോടിക്കണക്കിനു പൗരന്മാർ മനുഷ്യത്വരഹിതമായ യാതനകൾ അനുഭവിക്കുകയും ചെയ്തു"- യോഗി ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

