Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് ചൂടിലേക്ക് യു.പി; എസ്.ഐ.ആറിൽ ആരോപണം കടുക്കുന്നു

text_fields
bookmark_border
തെരഞ്ഞെടുപ്പ് ചൂടിലേക്ക് യു.പി; എസ്.ഐ.ആറിൽ ആരോപണം കടുക്കുന്നു
cancel

ന്യൂഡൽഹി: ദീപാവലി അടക്കമുള്ള ഉത്സവ സീസൺ അവസാനിച്ചതോടെ ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചൂടുപിടിക്കുന്നു. ബി.ജെ.പി, സമാജ്‌വാദി പാർട്ടി, കോൺഗ്രസ് പാർട്ടികൾ വെള്ളിയാഴ്ച ലഖ്‌നോവിൽ ഉന്നതതല സംഘടനാ യോഗങ്ങൾ വിളിച്ചുചേർത്തു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി.

മുതിർന്ന നേതാക്കളെയും ജില്ല ഭാരവാഹികളെയും താഴെത്തട്ടിലുള്ള പ്രവർത്തകരെയും പങ്കെടുപ്പിച്ച് സംഘടനാ സംവിധാനം വിലയിരുത്താനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാനുമായിരുന്നു എല്ലാ പാർട്ടികളും ഊന്നൽ നൽകിയത്. എസ്.ഐ.ആറിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വോട്ടുകൊള്ള ആരോപണത്തെ, ഹിന്ദു വോട്ടർമാരുടെ പേരുകളാണ് നീക്കം ചെയ്യപ്പെട്ടതെന്ന വാദം ഉന്നയിച്ച് പ്രതിരോധിക്കാനാണ് ബി.ജെ.പി നീക്കം.

സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന പാർട്ടി ഏറ്റെടുത്തു. ബി.ജെ.പിയുടെ സ്ഥിരം വോട്ട് ബാങ്കായ 55 ലക്ഷത്തോളം ക്ഷേമപദ്ധതി ഗുണഭോക്താക്കളും, പഞ്ചായത്ത് പട്ടികയിൽ പേരുള്ള 65 ലക്ഷം വോട്ടർമാരും നിയമസഭാ പട്ടികയിൽനിന്ന് പുറത്തായതായും, അതേസമയം മുസ്‍ലിം വോട്ടുകളിൽ 1.65 ശതമാനം വർധനയുണ്ടായതായും യോഗി യോഗത്തിൽ ആവർത്തിച്ചു.

നവംബർ 17 മുതൽ ഡിസംബർ 16 വരെ നടക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ (എസ്.എസ്.ആർ) ഭാഗമായി വോട്ടർമാരെ ചേർക്കൽ കാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചു.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ‘വോട്ട് ബച്ചാവോ’ (വോട്ട് രക്ഷിക്കൂ) പ്രചാരണത്തിന് സമാജ്‌വാദി പാർട്ടിയും തുടക്കമിട്ടു. സംസ്ഥാനത്തെ 86 സംവരണ മണ്ഡലങ്ങളിലെ പ്രതിനിധികളുമായി അഖിലേഷ് യാദവ് പ്രത്യേക ചർച്ച നടത്തി. ഈ മണ്ഡലങ്ങളിൽ 25 ലക്ഷത്തോളം വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് മണ്ഡലം തിരിച്ച് പരാതി നൽകുമെന്നും അഖിലേഷ് വ്യക്തമാക്കി. പൊതുപ്രസ്താവനകളിൽ നേതാക്കളും പ്രവർത്തകരും സംയമനം പാലിക്കണമെന്നും ബി.ജെ.പിക്ക് ആയുധമാകുന്ന മതപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കോൺഗ്രസിന്റെ ‘സംഘടൻ സംവാദ്’, ‘മിഷൻ 2027’ പരിപാടികൾക്കും വെള്ളിയാഴ്ച തുടക്കമായി. സംസ്ഥാന അധ്യക്ഷ ആരാധന മിശ്രയും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതമും ചേർന്ന് വിളിച്ച യോഗത്തിൽ വിവിധ യൂനിറ്റ് ഭാരവാഹികൾ പങ്കെടുത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വാർ റൂം തുറക്കുക, വോട്ടർ പട്ടിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ലീഗൽ സെൽ ശക്തിപ്പെടുത്തുക, സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കുക, ഗ്രാമതലത്തിൽ ജാതി സമവാക്യങ്ങൾ പരിഗണിച്ച് കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കുക എന്നിവയാണ് കോൺഗ്രസിന്റെ പ്രധാന തീരുമാനങ്ങൾ.

അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും ചേർന്ന് രൂപം നൽകിയ ‘സാമാജിക് പരിവർത്തൻ മോർച്ച’യും വരും ദിവസങ്ങളിൽ സജീവമാകും. അതേസമയം, പുതിയ സഖ്യത്തോട് പ്രതികരിക്കാതെ അകലം പാലിക്കുകയാണ് പ്രധാന പാർട്ടികളെല്ലാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP Polls Heat Up Fast
Next Story